സിഡ്‌നി: സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകളും , ഡോ. സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരേഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.
സതർലാൻഡ് ഷയറിലെ കൂർണെല്ലിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ തിങ്കളാഴ്‌ച വൈകുന്നേരം 4:30 നാണ് സംഭവം. കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ എടുക്കാൻ കയറിയപ്പോഴാണ് അപകടം. പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ മൂവരും കടലിൽ വീഴുകയായിരുന്നു.
മൂന്ന് യുവതികൾ ഒഴുക്കിൽപ്പെട്ടതായി പൊലീസിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്നുപേരെയും കടലിൽ നിന്നു കണ്ടെത്തുന്നത്. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മർവയെയും ഷാനിയെയും കണ്ടെടുത്തത്.
ഇരുവരും അപ്പോഴേക്കും പൂർണമായ്യം അബോധാവസ്ഥയിലായിരുന്നു. കരയ്ക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറക്കെട്ടിൽ പിടിച്ച് കിടക്കാൻ പറ്റിയതുകൊണ്ടാണ് മൂന്നാമത്തെയാൾക്ക് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് റിപ്പോർട്ട്. ഖബറടക്കം സിഡ്‌നിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .
മർവ ഹാഷിം യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിൽ നിന്നും ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഓഫ് സസ്‌റ്റായ്നബിലിറ്റിയിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയിരുന്നു. മൂന്നു മക്കളുണ്ട്. നരേഷ ഹാരിസിനും മൂന്നു മക്കളുണ്ട് .































