കീവ്: റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പോരാടുകയായിരുന്ന ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസ്സുള്ള സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്നയാളെ പിടികൂടിയെന്നും ഇയാൾ ഇന്ത്യക്കാരനാണെന്നാണ് അവകാശപ്പെടുന്നതെന്നും യുക്രൈൻ അറിയിച്ചു. യുക്രെയ്ൻ മാധ്യമങ്ങളാണ് യുക്രൈൻ സേനയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇയാളുടെ കസ്റ്റഡി ഇന്ത്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് യുക്രെയ്ൻ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഠനത്തിനായി റഷ്യയിലെത്തിയ ഹുസൈൻ, മയക്കുമരുന്ന് കേസിൽ ജയിലിലായെന്നും അവിടെ വെച്ച് റഷ്യൻ സൈന്യം നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നുമാണ് യുക്രൈനിൽ നിന്നുള്ള ‘ദ കീവ് ഇൻഡിപെൻഡൻ്റ്’ റിപ്പോർട്ട് ചെയ്യുന്നത്.
വീഡിയോ യുക്രെൻ പുറത്തുവിട്ടു
തങ്ങളുടെ പിടിയിലായ ഹുസൈൻ്റെ വീഡിയോ യുക്രെൻ പുറത്തുവിട്ടു. റഷ്യയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഏഴ് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നുവെന്നാണ് വീഡിയോയിൽ ഹുസൈൻ പറയുന്നത്. ജയിലിൽ കഴിയുന്നതിനിടെ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. യുക്രൈനെതിരായ സൈനിക ഓപ്പറേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ വേണ്ടി കരാർ ഒപ്പിട്ടു. രക്ഷപ്പെടാൻ അതേ മാർഗമുണ്ടായിരുന്നുവെന്നും ഹുസൈൻ പറയുന്നത് പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
റഷ്യൻ സൈന്യത്തിൽ നിന്ന് 16 ദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചതെന്നും, ഒക്ടോബർ ഒന്നിനാണ് തന്നെ ആദ്യ പോരാട്ട ദൗത്യത്തിന് അയച്ചതെന്നും ഹുസൈൻ യുക്രെയ്ൻ സൈനികരോട് വെളിപ്പെടുത്തി. മൂന്ന് ദിവസത്ിന് ശേഷം തൻ്റെ കമാൻഡറുമായുണ്ടായ തർക്കത്തെ തുടർന്ന് താൻ യുക്രെയ്ൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ഹുസൈൻ പറഞ്ഞു.
ജോലി തട്ടിപ്പിൽ പെട്ട് ഇന്ത്യ, ഉത്തര കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർ റഷ്യയിൽ എത്തിയിട്ടുണ്ടെന്നും ഇവരെ റഷ്യൻ സേനയിൽ ചേർത്ത് യുദ്ധത്തിന് അയക്കുകയായിരുന്നു പതിവെന്നുമുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനു വേണ്ടി പോരാടിയ 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായി ജനുവരിയിൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കബളിപ്പിക്കപ്പെട്ട് റഷ്യയിൽ എത്തിയ 126 പേരിൽ 12 പേരാണ് മരിച്ചത്. അന്ന് 16 പേരെ കാണാതായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.