ഓസ്ട്രേലിയയിൽ കുട്ടികളുടെ വാക്സിനേഷൻ നിരക്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ഥിരമായി കുറഞ്ഞതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Herd Immunity നഷ്ടപ്പെടുന്നതിന്റെ ഭീഷണിയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നാഷണൽ സെന്റർ ഫോർ ഇമ്യൂണൈസേഷൻ റിസർച്ച് ആൻഡ് സർവെയിലൻസ് (NCIRS) പുറത്തുവിട്ട ഡാറ്റ പ്രകാരം, 2020 മുതൽ 2024 വരെ 12 മാസം പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ നിരക്ക് 94.8 ശതമാനത്തിൽ നിന്ന് 91.6 ശതമാനമായി കുറഞ്ഞു. 2 വയസ്സുള്ള കുട്ടികളിൽ ഈ നിരക്ക് 92.1% ൽ നിന്ന് 89.4% ആയി, 5 വയസ്സുള്ള കുട്ടികളിൽ 94.8% ൽ നിന്ന് 92.7% ആയി താഴെ വീണു.
കൗമാരക്കാരിൽ, ഹ്യൂമൻ പാപ്പിലോമാവൈറസ് (HPV) വാക്സിനേഷൻ കുറവാണ് ഏറ്റവും ശ്രദ്ധേയമായത്. ആൺകുട്ടികളിൽ 84.9% ൽ നിന്ന് 77.9% ആയി കുറഞ്ഞപ്പോൾ, പെൺകുട്ടികളിൽ 86.6% ൽ നിന്ന് 81.1% ആയി കുറഞ്ഞു. Herd Immunity നിലനിർത്താൻ കുറഞ്ഞത് 95% വാക്സിനേഷൻ നിരക്ക് ആവശ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഇമ്യൂണൈസേഷൻ കൊളീഷന്റെ ഡയറക്ടർ ഗാരി ഗ്രോഹ്മാൻ കുട്ടികളിലുണ്ടാകുന്ന ഈ നിരക്കിലെ ഇടിവ് “മുഴുവൻ ആശങ്കാജനകമാണ്” എന്ന നിലയിലാണ് വിലയിരുത്തുന്നത്. COVID-19 പാൻഡെമിക് കാലഘട്ടത്തിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വാക്സിൻ വിവരങ്ങൾ, GP സേവനങ്ങളിലേക്കുള്ള ആക്സസിലെ കുറവ്, ആരോഗ്യ സംവിധാനങ്ങളിലെ തടസ്സങ്ങൾ തുടങ്ങിയവ പ്രധാനമായും ഈ ഇടിവിന് പിന്നിലുള്ള കാരണങ്ങളായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
വാക്സിനേഷൻ നിരക്കുകൾ കുറയുന്നത് measles, whooping cough, diphtheria, tetanus, rotavirus, pneumococcal, polio, hepatitis B, meningococcal, mumps, rubella തുടങ്ങിയ രോഗങ്ങളുടെ പുനരാവർത്തനത്തിന് സാധ്യത ഉണ്ടാക്കുന്നു. അതിനാൽ തന്നെ Herd Immunity നിലനിർത്താൻ സമൂഹം മൊത്തത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുകയും ആവശ്യമായ വാക്സിനുകൾ സമയത്ത് എടുത്തുകൊടുക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പുകൾ ആവശ്യമുന്നയിക്കുന്നു.