കണ്ണൂർ: വളപട്ടണത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പ് കേസിൽ പൊലീസിനെതിരെ പ്രതി ബാബു തോമസിന്റെ ഭാര്യ ലിന്റ. ഇന്നലെ രാത്രി തങ്ങളുടെ വീട്ടിലേക്ക് പൊലീസിനൊപ്പം പുറത്തുനിന്നുള്ള ആളുകളും എത്തിയെന്നും മകൻ റോഷനുമായി നേരത്തെ തർക്കമുള്ളവരാണ് വന്നതെന്നും ലിന്റ പറഞ്ഞു. പൊലീസിനൊപ്പം ഇവരും വീടിനകത്ത് കയറി. വാതിൽ പൊലീസുകാർ അടിച്ചുപൊളിച്ചു. ആൾക്കൂട്ടം വീട്ടിലെ വാഹനങ്ങളും ജനലും തകർത്തു. അക്രമികളെ ഓടിക്കാനാണ് ബാബു തോമസ് ആകാശത്തേക്ക് വെടിവച്ചത്. പൊലീസിന് നേരെ വെടിവച്ചില്ലെന്ന് പറഞ്ഞ ലിന്റ ബാബു തോമസിന് തോക്ക് ലൈസൻസ് ഉണ്ടെന്നും വ്യക്തമാക്കി.
അതേസമയം പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാൻ വീട്ടിലെത്തിയതായിരുന്നു പൊലീസ്. വളപട്ടണം എസ്ഐയും സംഘവുമാണ് എത്തിയത്. ഇവർക്ക് നേരെ ബാബു തോമസ് വെടിയുതിർത്തെന്നാണ് ആരോപണം. ആർക്കും വെടിയേൽക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. പ്രദേശത്ത് തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ ഇയാളുടെ മകൻ റോഷൻ പ്രതിയാണ്. റോഷന്റെ മുറിയിൽ മുട്ടിവിളിക്കുന്നതിനിടെ ബാബു പൊലീസിന് നേരെ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.