സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്‌സുള്ള ‘ഹോട്ട് പുരോഹിതന്മാരെ’, ക്രിസ്തുമതത്തിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി നിയോഗിക്കാന്‍ വത്തിക്കാന്‍. ലോകമെമ്പാടും ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതിന് തടയാനും പുതിയ തലമുറയെ മതത്തിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് വത്തിക്കാന്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനായി 1,000 -ത്തില്‍ അധികം പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും റോമിലേക്ക് ക്ഷണിച്ചു.
ലോകമെമ്പാടുമുള്ള സഭാവിശ്വാസികളുടെ എണ്ണത്തില്‍, പ്രത്യേകിച്ച് യൂറോപ്പിലും യുഎസിലും വലിയ കുറവാണ് കഴിഞ്ഞ വര്‍ഷങ്ങൾ രേഖപ്പെടുത്തിയത്. ഇറ്റലിയിലെ ബ്രെസിയയിൽ നിന്നുള്ള ബോഡി ബിൽഡിംഗ് പുരോഹിതനായ ഫാദർ ഗ്യൂസെപ്പെ ഫുസാരി പോലുള്ള വ്യക്തികൾക്ക് ഈ അസാധാരണ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന് 60,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആളുകളെ സഭയുമായി കൂടുതൽ അടുപ്പിക്കാൻ സമൂഹ മാധ്യമങ്ങൾക്ക് വലിയ കഴിവുണ്ടെന്ന് ഫാ. ഫുസാരി വിശ്വസിക്കുന്നു. 58 വയസ്സുള്ള അദ്ദേഹം പലപ്പോഴും തന്‍റെ ആത്മീയ ചിന്തകൾക്കൊപ്പം ടാറ്റൂ ചെയ്ത തന്‍റെ കൈകാലുകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. ഇത് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു. ഫാ. ഫുസാരിയുടെ ആരാധകരില്‍ ഏറ്റവും കൂടുതലും 25 നും 55 നും ഇടയിൽ പ്രായമുള്ളവരാണ്.
ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ട മറ്റൊരു പുരോഹിതനായ ഫാദർ കോസിമോ ഷെനയെ ഇറ്റലിയിലെ ഏറ്റവും പ്രിയപ്പെട്ട പുരോഹിതൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓൺലൈൻ സാന്നിധ്യം അദ്ദേഹത്തിന്‍റെ സഭയുടെ വലുപ്പം ഇരട്ടിയാക്കാൻ സഹായിച്ചു. 46 -കാരനായ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 4,54,000-ത്തിലധികം ഫോളോവേഴ്‌സാണുള്ളത്. തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനുള്ള അഭ്യർത്ഥനകള്‍ക്കൊപ്പം സുവിശേഷ പഠങ്ങളും പങ്കുവയ്ക്കുന്നു.
ഗിറ്റാർ വായിക്കുന്നതിനും ബൈക്ക് ഓടിക്കുന്ന ജീവിത ശൈലിക്കും പേരുകേട്ട ഫാദർ അംബ്രോഗിയോ മസ്സയും ഡിജിറ്റൽ സുവിശേഷകരുടെ ഈ പുതിയ തലമുറയുടെ ഭാഗമാണ്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും അദ്ദേഹത്തിന് 4,60,000 -ത്തിലധികം ഫോളോവേഴ്‌സാണുള്ളത്. ഫാ. മസ്സ, വിശ്വാസവും വിനോദവും ഒരുമിച്ച് കൊണ്ട് പോകുന്ന തരത്തിലുള്ള സെല്‍ഫികൾക്ക് പ്രശസ്തനാണ്. ‘മനോഹരം’ എന്ന കുറിപ്പുകൾ അദ്ദേഹത്തിന്‍റെ സെൽഫികളില്‍ നിറയുന്നു.
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ, ആഗോള സമൂഹത്തിലേക്ക് എത്തിചേരുന്നതിന് സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിന്നാലെ എത്തിയ ലിയോ പതിനാലാമൻ മാർപാപ്പ, തന്‍റെ ശക്തമായ ഓൺലൈൻ സാന്നിധ്യത്തിന് പേരു കേട്ടയാളാണ്. ഏകദേശം 19 ദശലക്ഷം അനുയായികളാണ് അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലുള്ളത്. ഇതിന് മുമ്പ് 2022-ൽ, ആകർഷകമായ റോമൻ പുരോഹിതന്മാരെ ഉൾപ്പെടുത്തി ഒരു കലണ്ടർ വത്തിക്കാന്‍ പുറത്തിറക്കിയിരുന്നു. അന്ന് 75,000-ത്തിലധികം കലണ്ടര്‍ കോപ്പികളാണ് വിറ്റവിക്കപ്പെട്ടത്. പുതിയ നീക്കത്തിലൂടെ ലോകമെങ്ങുമുള്ള പുതുതലമുറയെ സഭയുടെ വിശ്വാസ വഴിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വത്തിക്കാന്‍.