ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ ഇന്ത്യൻ, ഏഷ്യൻ ജീവനക്കാർ ഹിന്ദി സംസാരിച്ചതിന് വിമർശിച്ച് കൊണ്ട് ബ്രിട്ടീഷ് യുവതി നടത്തിയ സമൂഹ മാധ്യമ പോസ്റ്റ് ചൂടിയേറിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. ഇംഗ്ലീഷ് സംസാരിക്കാൻ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണിൽ നിന്നും പുറത്താക്കണമെന്നാണ് യുവതി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ എഴുതി. ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കാത്തത് ചോദ്യം ചെയ്തപ്പോൾ തന്നെ വംശീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും ഇവർ എഴുതിയ കുറിപ്പില്‍ ആരോപിച്ചു.
ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയുടെ കുറിപ്പാണ് ചർച്ചകൾക്ക് വഴിതെളിച്ചത്. ലണ്ടനിലെ വിമാനത്താവള ജീവനക്കാരിൽ ഭൂരിഭാഗവും ഏഷ്യൻ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തിൽ എത്തിയപ്പോളാണ് താൻ തിരിച്ചറിഞ്ഞെന്നും ലൂസി വൈറ്റ് കുറിപ്പില്‍ പറയുന്നു. ഇവരാരും പരസ്പരം ഇംഗ്ലീഷിൽ ഒരു വാക്ക് പോലും സംസാരിക്കുന്നില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ വംശീയവാദിയായി മുദ്രകുത്തി എന്നുമാണ് ലൂസി വൈറ്റിന്‍റെ കുറിപ്പ്. വംശീയ കാർഡ് ഉപയോഗിച്ച് ജീവനക്കാർ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും ലൂസി വൈറ്റ് ആരോപിച്ചു. ഇത്തരക്കാരെ നാടുകടത്തണമെന്നും ഇവർ തന്‍റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ലൂസി വൈറ്റിന്‍റെ സമൂഹ മാധ്യമ കുറിപ്പ് ഇങ്ങനെയായിരുന്നു:
ലണ്ടൻ ഹീത്രോയിൽ എത്തിയതേയുള്ളൂ. മിക്ക ജീവനക്കാരും ഇന്ത്യക്കാരോ / ഏഷ്യക്കാരോ ആണ്, അവർക്ക് ഇംഗ്ലീഷ് ഒരു വാക്ക് പോലും അറിയില്ല. ഞാൻ അവരോട് പറഞ്ഞു, ‘ഇംഗ്ലീഷ് സംസാരിക്കൂ’ അവരുടെ മറുപടി, ‘നിങ്ങൾ വംശീയമായി പെരുമാറുന്നു’ എന്നായിരുന്നു. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം, അതിനാലാണ് അവർ വംശീയത കാർഡ് ഉപയോഗിച്ചത്. അവരെയെല്ലാം നാടുകടത്തുക. അവർ എന്തിനാണ് ഇവിടെ ജോലി ചെയ്യുന്നത്…?
ലൂസി വൈറ്റിന്‍റെ സമൂഹ മാധ്യമ കുറിപ്പ് വളരെ വേഗത്തിലാണ് ചർച്ചയായത്. നിരവധി പേര് സമാനമായ പരാതികളുമായി പിന്നാലെ എത്തി. ചിലർ ലൂസി വൈറ്റിനെ പിന്തുണച്ചു. മറ്റ് ചിലര്‍ വംശീയമായ പരാമർശം തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം മറ്റൊരു രാജ്യത്ത് അതിഥികളായി എത്തിയാൽ ആ രാജ്യത്തിന്‍റെ രീതി പിന്തുടരാൻ മനസ് കാണിക്കണമെന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യയിലാണെങ്കില്‍ കന്നട സംസാരിക്കാത്തവര്‍ക്ക് വാടക വീടോ, ഓട്ടോ സര്‍വീസോ കൊടുക്കാന്‍ മടിക്കുന്ന കന്നടക്കാരുടെയും മറാത്തി സംസാരിക്കാത്തതിന് ബഹളം വയ്ക്കുന്ന മാറാത്തികളുടെയും വീഡിയോകളും വാര്‍ത്തകളുമാണ് ഓരോ ദിവസവും പുറത്ത് വരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.