പെർത്ത്∙ ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിൽ നിർണായക പങ്കുവഹിച്ച വിർജീനിയ ഗിയുഫ്രെ (41) ജീവനൊടുക്കി. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഫാമിൽ വെച്ചാണ് വിർജീനിയ ജീവനൊടുക്കിയത്. നാലു ദിവസത്തിനുള്ളിൽ മരിക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിർജീനിയ മുൻപ് പങ്കുവെച്ചിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെർത്തിലെ ഫാമിൽ വിർജീനിയ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വക്താവ് അറിയിച്ചു. സംഭവസ്ഥലം പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പ്രാഥമിക സൂചനകൾ അനുസരിച്ച് ആത്മഹത്യയാണെന്നുമാണ് പൊലീസ് വക്താവ് അറിയിച്ചത്.
ലൈംഗിക കുറ്റവാളിയായി ജെഫ്രി എപ്‌സ്റ്റീനെ കോടതി കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും വിർജീനിയയുടെ വെളിപ്പെടുത്തലുകൾ നിർണായകമായിരുന്നു. ജെഫ്രി എപ്‌സ്റ്റീനും അയാളുടെ മുൻ കാമുകി ഗിസ്‌ലൈൻ മാക്‌സ്‌വെലും തന്നെ ലൈംഗിക അടിമയാക്കിയെന്ന് വിർജീനിയ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. 17 വയസ്സുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു. ആൻഡ്രൂ രാജകുമാരൻ ഇത് നിഷേധിച്ചെങ്കിലും 2022ൽ ഇരുവരും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയെന്നാണ് റിപ്പോർട്ട്.
ജെഫ്രി എപ്‌സ്റ്റീന്റെ കൂട്ടാളിയും ജയിലിൽ കഴിയുന്ന ബ്രിട്ടിഷ് സാമൂഹിക പ്രവർത്തകയുമായ ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെ പ്രേരണയാലാണ് ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിർജീനിയ അവകാശപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളിയായി എപ്‌സ്റ്റീനെ കോടതി കണ്ടെത്തുന്നതിന് വിർജനീയയുടെ വെളിപ്പടുത്തലുകൾ സഹായിച്ചു. രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിവിധ സ്ഥലങ്ങളിലേക്ക് തന്നെ കടത്തിക്കൊണ്ടുപോയെന്ന് വിർജീനിയ ആരോപിച്ചതിനെത്തുടർന്നാണ് ആൻഡ്രൂ രാജകുമാരൻ ഒത്തുതീർപ്പിന് ശ്രമിച്ചത്. ഏകദേശം 12 ദശലക്ഷം പൗണ്ടിനായിരുന്നു ഒത്തുതീർപ്പ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
ആൻഡ്രൂ രാജകുമാരൻ വിർജീനിയയുടെ ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിക്കുകയും അവരെ കണ്ടുമുട്ടിയതായി ഓർക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു. ലണ്ടനിലെ ഒരു ടൗൺ ഹൗസിൽ വെച്ച് ആൻഡ്രൂ രാജകുമാരൻ വയറ്റിൽ കൈ ചുറ്റിപ്പിടിച്ച് നിൽക്കുന്ന ചിത്രം വിർജീനിയ കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിരുന്നു.
ആരോപണങ്ങൾ നിഷേധിക്കുന്നതിന് പിന്നീട് ബിബിസിയിലെ എമിലി മൈറ്റ്‌ലിസുമായി നടത്തിയ അഭിമുഖത്തിനു ശേഷം ആൻഡ്രൂ രാജകുമാരൻ രാജകീയ ജീവിതത്തിൽ നിന്ന് പിന്മാറി. ഈ അഭിമുഖത്തിൽ വിർജീനിയയെ അറിയില്ലെന്ന് വാദിക്കാൻ അദ്ദേഹം നടത്തിയ പ്രസ്താവനകൾ കുപ്രസിദ്ധി നേടുകയും രാജകുടുംബത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഈ പശ്ചത്താലത്തിലായിരുന്നു ആൻഡ്രൂ രാജകുമാരൻ രാജകീയ ജീവിതത്തിൽ നിന്ന് പിന്മാറിയത്.
ഫ്ലോറിഡയിൽ ജനിച്ച വിർജീനിയ 2019ൽ എപ്‌സ്റ്റീൻ അറസ്റ്റിലാകുന്നതിന് മുൻപാണ് ഭർത്താവ് റോബർട്ടിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്.































