ന്യൂഡൽഹി: ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ വിസ നിഷേധിച്ചതായി ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ തള്ളി ഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവയടക്കം ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നൽകുന്നത് ഓസ്ട്രേലിയ നിർത്തലാക്കി എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റായ വാർത്തയാണെന്നും ഓസ്ട്രേലിയ അതിന്റെ ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്ന നടപടി തുടരുമെന്നും ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥി വിസ നൽകുന്നത് ഓസ്ട്രേലിയ നിർത്തലാക്കി എന്നായിരുന്നു വ്യാജ വാർത്തകളിലെ ഉള്ളടക്കം. ഓസ്ട്രേലിയയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക് വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ടുകളിൽ വന്നത്. എന്നാൽ കാലഹരണപ്പെട്ട റിപ്പോർട്ടുകളിൽ നിന്നുള്ള തെറ്റായ വിവരങ്ങളാണ് വാർത്തകൾക്കായി ഇന്ത്യൻ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് ഹൈക്കമ്മീഷൻ ചൂണ്ടിക്കാട്ടി.
2023 ൽ വന്നിട്ടുള്ള റിപ്പോർട്ടുകളിലെ വിവരങ്ങളാണ് മാധ്യമങ്ങൾ നിലവിലെ സാഹചര്യത്തിൽ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളെക്കുറിച്ച് ഓസ്ട്രേലിയൻ സർവകലാശാലകൾക്ക് ഉണ്ടായിരുന്ന താൽക്കാലിക ആശങ്കകൾ എടുത്തുകാണിക്കുന്ന ഒരു റിപ്പോർട്ട് രണ്ട് വർഷം മുമ്പ് ദി ഓസ്ട്രേലിയൻ ടുഡേയിൽ വന്നിരുന്നു.
വിസ തട്ടിപ്പ് കേസുകളും വിദ്യാർത്ഥികളുടെ പരാതികളും വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ഓസ്ട്രേലിയൻ സർവകലാശാലകളുടെ ആശങ്കകളെക്കുറിച്ചുള്ള റിപ്പോർട്ട് ഓസ്ട്രേലിയൻ ടുഡേയിൽ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥി വിസകൾ താൽകാലികമായി ചില സ്ഥാപനങ്ങൾ നിർത്തിവെച്ചതായി ആ വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ റിസ്‌ക് മാനേജ്‌മെന്റിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എടുത്തിട്ടുള്ള ആഭ്യന്തര നടപടി മാത്രമായിരുന്നു അത്. ഓസ്ട്രേലിയൻ സർക്കാർ കൊണ്ടുവന്ന നിർബന്ധിത വിലക്കായിരുന്നില്ല.
അന്ന് വോളോങ്കോങ് സർവകലാശാലയും ഫെഡറേഷൻ സർവകലാശാലയും വിസ വിലക്കുകളൊന്നുമില്ലെന്നും വിസ നടപടികളുടെ സമഗ്രത നിലനിർത്തുന്നതിനായി നയങ്ങൾ അവലോകനം ചെയ്തുവരികയാണെന്നും വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ അത് പരക്കെ തെറ്റിദ്ധാരണയുണ്ടാക്കിയതായും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.
1,25,000 ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ഓസ്ട്രേലിയയിൽ പഠനം നടത്തുന്നുണ്ട്. ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സംഘമാണിതെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. ആഗോള മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ അനുവദിക്കുന്നത് തുടരുമെന്നും അദ്ദേഹം വിശദമാക്കി. വിദ്യാഭ്യാസ രംഗത്ത് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സാമൂഹികപരമായ സംഭാവനകളെയും അവർ വെച്ചുപുലർത്തുന്ന മൂല്യങ്ങളെയും വിലമതിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിൽ അടിസ്ഥാന സൗകര്യ മേഖലയിലെ തിരക്ക് കുറയ്ക്കുന്നതിന് വിദേശ വിദ്യാർത്ഥികളുടെ എണ്ണം താൽകാലികമായി കുറയ്ക്കാൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാലഹരണപ്പെട്ട റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ വീണ്ടും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള നയങ്ങൾക്കോ നടപടികൾക്കോ ഈ നിർദേശം കാരണമായിട്ടില്ല. വിസ അനുവദിക്കുന്നത് ഒരു രാജ്യത്തിൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.































