കൊൽക്കത്ത: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഒരു ബംഗ്ലാദേശ് യുവതിയെ കൊൽക്കത്ത പൊലീസിന്‍റെ ആന്‍റി-റൗഡി സ്ക്വാഡ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ബാരിസൽ സ്വദേശിനിയായ ശാന്ത പാൽ (28) ആണ് അറസ്റ്റിലായത്. ജാദവ്പൂർ മേഖലയിലെ വാടക അപ്പാർട്ട്‌മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും ഒരു വോട്ടർ ഐഡിയും ഒരു റേഷൻ കാർഡും കണ്ടെടുത്തു.ഒരു പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടെ ഒരു ബംഗ്ലാദേശ് പൗരയെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണം നടന്നുവരികയാണെന്ന് കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണർ (ക്രൈം) രൂപേഷ് കുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഇവർ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിൽ ഇവരുടെ പേരിലുള്ള നിരവധി ബംഗ്ലാദേശ് പാസ്‌പോർട്ടുകൾ, റീജന്‍റ് എയർവേയ്‌സിന്റെ (ബംഗ്ലാദേശ്) ജീവനക്കാരുടെ കാർഡ്, ധാക്കയിലെ സെക്കൻഡറി വിദ്യാഭ്യാസത്തിന്‍റെ അഡ്മിറ്റ് കാർഡ്, വ്യത്യസ്ത വിലാസങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ട് ആധാർ കാർഡുകൾ, ഒരു ഇന്ത്യൻ വോട്ടർ/എപ്പിക് കാർഡ്, റേഷൻ കാർഡ് എന്നിവ കണ്ടെത്തി. ഇവയെല്ലാം വ്യത്യസ്ത വിലാസങ്ങളിലുള്ളതാണ്.