ദില്ലി: മധ്യപ്രദേശിലെ ചിന്ദ്‌വാറ ജില്ലയിൽ കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പെന്ന വിഷമരുന്ന് കയറ്റുമതി വിഷയത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഇന്ത്യയോട് വ്യക്തത ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. കുട്ടികളുടെ മരണത്തിന് കാരണമായ ചുമ മരുന്ന് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന വിവരമാണ് കേന്ദ്ര സർക്കാരിനോട് ഡബ്ല്യു എച്ച് ഒ ആരാഞ്ഞത്. ഇന്ത്യയിൽ നിന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടിയെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് ആഗോള മെഡിക്കൽ പ്രൊഡക്ട്സ് അലേർട്ട് പുറപ്പെടുവിക്കണമോയെന്ന് വിലയിരുത്തുമെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചതായും റോയിട്ടേഴ്സ് വ്യക്തമാക്കി.
ജീവൻ നഷ്ടമായത് 20 കുട്ടികൾക്ക്
മധ്യപ്രദേശിൽ അഞ്ച് വയസ്സിന് താഴെയുള്ള 20 കുട്ടികളുടെ മരണത്തിനാണ് ഈ വിഷമരുന്ന് കാരണമായത്. രണ്ട് ദിവസത്തിനിടെ 3 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. നാഗ്പൂരിൽ ചികിത്സയിലുള്ള 5 കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച കുട്ടികളിൽ 17 പേരും ചിന്ത്വാര മേഖലയിലുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. മരുന്ന് ഉൽപാദിപ്പിച്ച ശ്രഷൻ ഫാർമ കമ്പനിയുടെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഇതിനായി തമിഴ്നാട്ടിലെത്തിയെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. മരുന്നിൽ അനുവദനീയമായതിനേക്കാൾ 500 ഇരട്ടി അധികമായി ഡൈഇത്തിലീൻ ഗ്ലൈക്കോൾ പോലുള്ള വിഷസംയുക്തങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. ഇത് കുട്ടികളിൽ വൃക്ക രോഗങ്ങൾക്ക് കാരണമായതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം മരുന്ന് കുറിച്ചു നൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടന പ്രതിഷേധം ശക്തമാക്കുകയാണ്.
പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
അതിനിടെ വിഷമരുന്ന് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലുള്ള പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ സർക്കാർ നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇക്കാര്യം ഉറപ്പാക്കണം. സംസ്ഥാനത്ത് വിശദമായ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.