തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് പിന്നാലെ കൈവിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നീതി കിട്ടാതെ യുവതി. മെഡിക്കൽ ബോർഡ് അപ്പക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെയും പൊലീസിന് കൈമാറാതെ ആരോഗ്യ വകുപ്പ് ഒളിച്ചുകളിക്കുകയാണ്. യുവതി ദുരന്ത ജീവിതം നയിക്കുമ്പോഴും ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ ആശുപത്രി പ്രവർത്തനം തുടരുകയാണ്.
കഴക്കുട്ടത്തെ ആശുപത്രിയിൽ ഫെബ്രുവരി 22നാണ് യുവതി ശാസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയയെ തുടർന്ന് കൈവിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വരട്ടെയെന്നും ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്ന ശേഷം കേസെടുക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്. പിന്നീട് ജില്ലാ തല മെഡിക്കൽ ബോർഡ് ചേരുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. എന്നാൽ ആ റിപ്പോർട്ടിൽ അടിമുടി അവ്യക്തതയായിരുന്നു. ഇതേ തുടർന്നാണ് രണ്ടു മാസം മുൻപ് ഉപരികമ്മിറ്റിക്ക് പരിശോധന വിട്ടത്. രണ്ട് പ്രാവശ്യം പൊലിസ് കത്ത് നൽകിയിട്ടും മെഡിക്കൽ ബോർഡ് അപ്പക്സ് കമ്മിറ്റി റിപ്പോർട്ട് ഇതേവരെ പൊലിസിന് കൈമാറിയിട്ടില്ല. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയൂ. പൊലീസ് അന്വേഷണം നിലവിൽ വഴിമുട്ടിയ നിലയിലാണ്.