ആലപ്പുഴ: മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിന് വിളിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മുന്‍ മന്ത്രി ജി സുധാകരന് മറുപടിയുമായി എച്ച് സലാം എംഎല്‍എ. ഓരോ കാലത്തും ചുമതലപ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് രീതിയെന്ന് എച്ച് സലാം പറഞ്ഞു. 2016 ല്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടന സമയത്ത് ജില്ലയിലെ മുന്‍ എംഎല്‍എമാരെ വിളിച്ചിരുന്നില്ല. അന്ന് എംഎല്‍എയായിരുന്നു ജി സുധാകരനെ വിളിച്ചിരുന്നുവെന്നും എച്ച് സലാം പ്രതികരിച്ചു.
ജി സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അവര്‍ക്കാവുന്നത് ചെയ്തിട്ടുണ്ട്. വിവാദമുണ്ടാക്കുന്നത് ബോധപൂര്‍വ്വമാണെന്നും അമ്പലപ്പുഴ എംഎല്‍എ പറഞ്ഞു.
പദ്ധതിയുടെ ആദ്യാവസാനം മുതല്‍ മുന്നില്‍ നിന്ന തന്നെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഒഴിവാക്കിയതില്‍ പരിഭവമില്ല, എന്നാല്‍ മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയേയും കെ സി വേണുഗോപാലിനേയും പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജി സുധാകരന് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ‘ജനോപകാരമായ, പൊതുസമൂഹത്തിന് വേണ്ടിയുള്ള വികസനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യമുണ്ട്. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം.
ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, വഴിയരികില്‍ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളില്‍ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം.’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
Story Highlights: h Salam mla reply to g sudhakaran