ബെര്‍ലിന്‍: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ എര്‍മാന്‍ തുന്‍ബെര്‍ഗിനെതിരെ ജര്‍മനിയില്‍ പൊലീസ് നടപടി. കല്‍ക്കരി ഗ്രാമമായ ലുറ്റ്സെറാത്തിലെ ഖനത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥര്‍ തുന്‍ബെര്‍ഗിനെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു. ആറായിരത്തോളം പേരാണ് തുന്ബര്ഗിനോടൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. ഖനനം ജര്‍മനിയിലെ അഞ്ചോളം ഗ്രാമങ്ങളെ പ്രതികൂലമായിബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍.
ലുറ്റ്സെറാത്തില് നിന്ന് ഏകദേശം 9 കിലോമീറ്റര്‍ അകലെയുള്ള ഗാര്സ്വെയ്ലര് 2 ന്റെ ഓപ്പണ്‍കാസ്റ്റ് കല്‍ക്കരി ഖനിയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഖനിയുടെ അടുത്ത് മറ്റ് പ്രതിഷേധക്കാര്ക്കൊപ്പമാണ് തുന്‍ബെര്‍ഗ് പ്രകടനം നടത്തിയത്. ഖനനം നടത്തുന്ന പ്രദേശത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച തുന്‍ബര്‍ഗിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
‘പുതുതലമുറയോടുള്ള വഞ്ചനയെന്നാണ്’ ഖനനത്തെ തുന്‍ബര്‍ഗ് വിശേഷിപ്പിച്ചത്. ജര്‍മ്മനി ലിഗ്നൈറ്റ് ഖനനം ചെയ്യരുതെന്നും പകരം പുനരുപയോഗ ഊര്‍ജം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍ക്കരി ഖനനത്തിന് മുന്നോടിയായി അവിടെ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയും പ്രദേശം വേലിക്കെട്ടി വേര്‍ത്തിരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുന്‍ബര്‍ഗ് അടക്കമുള്ള പാരിസ്ഥിതിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചത്. യൂറോപ്യന്‍ എനര്‍ജി കമ്പനിയായ ആര്‍ഡബ്ല്യുഇയുടെ ഉടമസ്ഥതയിലാണ് ഖനന പ്രവര്‍ത്തികള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തില്‍ നിന്നും പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചയും കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഖനനം നടക്കുന്ന പ്രദേശത്തെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെയ്ക്കാത്തതിനെ തുടര്‍ന്നാണ് തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഊര്‍ജത്തിനായി കല്‍ക്കരി കത്തിക്കുന്നത് ആഗോളതാപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്താനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ അഭിലാഷത്തെ തകര്‍ക്കുമെന്നുമാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.
Story Highlights: Greta Thunberg detained while protesting in Germany