ബ്രസീലിയ: ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം. ബ്രസീലിന്റെ തീവ്ര വലതുപക്ഷ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ നൂറുകണക്കിന് അനുയായികളാണ് ആക്രമണത്തിന് പിന്നില്‍. പാര്‍ലമെന്റിലേക്കും പ്രസിഡന്റിന്റെ വസതിയിലേക്കും സുപ്രീം കോടതിയിലേക്കുമുള്‍പ്പെടെ പ്രതിഷേധക്കാര്‍ ഇടിച്ചു കയറി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്നാണ് പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റല്‍ കെട്ടിടം ആക്രമിച്ചതിന് സമാനമായ സംഭവമാണ് ബ്രസീലിലും നടക്കുന്നത്.
ബ്രസീല്‍ പ്രസിഡന്റ് ലുല സിസില്‍വ സംഭവത്തെ അപലപിച്ചു. രാജ്യത്തിന്റെ പതാകയിലെ നിറത്തിലേത് പോലെ പച്ചയും മഞ്ഞയും നിറത്തിലുളള വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാരെത്തിയത്. അടിയന്തിര സാഹചര്യം നേരിടാന്‍ പ്രസിഡന്റ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബ്രസീലിന്റെ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം.
തെക്ക് കിഴക്കന്‍ നഗരമായ അരരാക്വറയില്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലുല, തലസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുളള പ്രത്യേക കരാറില്‍ ഒപ്പ് വെച്ചതായാണ് ലഭിക്കുന്ന വിവരം. ‘ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ് ഈ ഫാസിസ്റ്റ് മതഭ്രാന്തന്മാര്‍ ചെയ്യുന്നത്, അക്രമകാരികള്‍ ആരാണെന്ന് ഞങ്ങള്‍ കണ്ടെത്തും, അവരെ നിയമം കൊണ്ട് കീഴ്‌പ്പെടുത്തും’, പ്രസിഡന്റ് ലുല സിസില്‍വ പ്രതികരിച്ചു.
ഒക്ടോബര്‍ 30ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് ബോള്‍സോനാരോയെ പരാജയപ്പെടുത്തി ലുല അധികാരത്തിലേറുന്നത്. അന്ന് മുതല്‍ ബോള്‍സോനാരോയുടെ അനുകൂലികള്‍ ബ്രസീലിന്റെ സൈനിക താവളങ്ങള്‍ക്ക് പുറത്ത് പ്രതിഷേധിച്ച് വരുകയാണ്.
കലാപകാരികള്‍ വാതിലുകളും ജനലുകളും തകര്‍ത്ത് കോണ്‍ഗ്രസ് മന്ദിരത്തിലേക്ക് കയറുന്നതിന്റെയും നിയമസഭാംഗങ്ങളുടെ ഓഫീസുകള്‍ തകര്‍ക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍ഗ്രസിന് പുറത്ത് ജനക്കൂട്ടം ഒരു പൊലീസുകാരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് നിലത്തടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
ആക്രമമുണ്ടായ ഉടന്‍ തന്നെ പൊലീസ് പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീം കോടതിയുടെയും ഉള്‍പ്പെടെയുളള സുപ്രധാന കേന്ദ്രങ്ങള്‍ക്ക് ചുറ്റും സുരക്ഷാ വലയം തീര്‍ത്തിരുന്നു. പൊലീസ് കലാപകാരികള്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
STORY HIGHLIGHTS: Protests by supporters of the former president in Brasilia, the capital of Brazil