ബിഎംഡബ്ല്യുവിന്റെ 50–-ാംവാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഇന്ത്യയിൽ ബിഎംഡബ്ല്യു എക്സ്7 40ഐഎം സ്പോർട്ടിന്റെ ‘50 ഇയേഴ്സ് എം എഡിഷൻ’ ലോഞ്ച് ചെയ്തു. എം എഡിഷൻ പ്രത്യേക ഉപയോക്താക്കളെമാത്രം ലക്ഷ്യമിട്ട് എംബിഡബ്ല്യു നിർമിക്കുന്ന മോഡലാണ് എക്സ്7! ഇന്ത്യയിൽ ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിൽനിന്ന് പുറത്തിറങ്ങുന്ന എക്സ്7 എം എഡിഷൻ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. ഇത് ഉൾപ്പെടെ പത്ത് 50 ഇയേഴ്സ് എം എഡിഷൻസ് ലോഞ്ച് ചെയ്യാനാണ് ബിഎംഡബ്ല്യു പ്ലാൻ ചെയ്യുന്നത്.
വലിയ കിഡ്നി ഗ്രിൽ കറുകറുത്ത ഗ്ലോസ്സി ഫോമിലായിരിക്കും എം എഡിഷനിൽ കാണപ്പെടുന്നത്. അതിനുമുകളിലായുള്ള എം ലോഗോ സാധാരണ ബിഎംഡബ്ല്യു ലോഗോയിൽനിന്ന് വ്യത്യസ്തമായിരിക്കും. ഈ ലോഗോ പിന്നിലും വീൽ ഹബ് ക്യാപ്പിലും കാണാം. വലിയ വിൻഡോകളും നീളമുള്ള റൂഫ് ലൈനും പിന്നിലെ നീളമുള്ള ഡോറും ഈ സ്പോർട്ട് ആക്റ്റിവിറ്റി വാഹനത്തിന്റെ സ്ഥലസൗകര്യത്തെ വിളിച്ചറിയിക്കുന്നു. രണ്ട് സെക്ഷനുള്ള സ്പ്ലിറ്റ് ടെയ്ൽ ഗേറ്റും നേരിയ എൽഇഡി ടെയ്ൽ ലാമ്പും പിൻവശത്തിന് സമകാലിക കാഴ്ച നൽകുന്നു. 2 ആക്സിൽ എയർ സസ്പെൻഷൻ, ബിഎംഡബ്ല്യു എക്സ് ഡ്രൈവ്, എം സ്പോർട്ട് ബ്രേക് കാലിപ്പർ, 21 ഇഞ്ച് 752എം ജെറ്റ് ബ്ലാക്ക് ഗ്ലോസ്സി അലോയ് വീൽ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ എം ആക്സസറീസ് പാക്കേജും ലഭ്യമാണ്. ബിഎംഡബ്ല്യു എക്സ്7 40ഐഎം സ്പോർട്ട് 50 ഇയർ എം എഡിഷന്റെ എക്സ് ഷോറൂം വില ഒരുകോടി 20 ലക്ഷം രൂപയാണ്!