മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്’ രാജസ്ഥാനില്‍ തുടക്കം. ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഏതാനും ദിവസം മുന്‍പാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
ശ്രദ്ധേയ സംവിധായകനായ ലിജോ മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ഇന്നലെ ജോധ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ എത്തിയ ലിജോ, മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 25ന് ആയിരുന്നു ഈ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം.
Story Highlights: Mohanlal Lijo Jose Pellisserys Malaikottai Valiban on floors