കാർഷിക ജീവിതവുമായി ബന്ധപ്പെട്ടാണ് തദ്ദേശീയ കലണ്ടറുകളിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത്. മലയാളിയുടെ മകര സംക്രാന്തി, ആന്ധയിലെത്തുമ്പോൾ വിളവെടുപ്പ് ഉത്സവമായി മാറുന്നു. എന്നാൽ, ഒരു വിളവെടുപ്പ് ഉത്സവം എന്നതിനപ്പുറത്തേക്ക് കൂടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പരമ്പര്യവും സംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന ഒരു ആഘോഷമായി ഇന്ന് മകര സംക്രാന്തി മാറിയിരിക്കുന്നു. അത്തരമൊരു സാംസ്കാരിക പരിസരത്ത് മകളുടെ ഭർത്താവിന് ആതിഥ്യം നൽകിയ ഒരു കുടുംബ ഒരുക്കിയത് 158 കൂട്ടം വിഭവങ്ങൾ. കുടുംബത്തിന്‍റെ ഈ ആഘോഷം നാട്ടിലും പിന്നാലെ സമൂഹ മാധ്യമങ്ങളിലും വൈറലായി.
മരുമകനൊരു മെഗാ വിരുന്ന്
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരമൊരു വ്യത്യസ്ത ആഘോഷം നടത്തിയത്. ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിൽ നിന്നുള്ള മരുമകൻ ശ്രീദത്തയ്ക്കും മകൾ മൗനികയ്ക്കും വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേർന്നൊരുക്കിയ വിപുലമായ വിരുന്ന് സംസ്ഥാനത്തും വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ വർഷമായിരുന്നു മൗനികയുടെയും ശ്രീദത്തയുടെയും വിവാഹം. അതിന് ശേഷമുള്ള ആദ്യ സംക്രാന്തി കൂടിയായിരുന്നു ഇത്.































