ഹൈദരാബാദ്: ഹൈദരാബാദിൽ 16 കാരൻ ക്ലാസ് മുറിയിൽ ജീവനൊടുക്കിത് അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്താണെന്ന് ആരോപണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളജിലെ പ്ലസ് വണ്‍ വിദ്യാർഥിയായ സാത്വിക് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ചത്. തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ്‍ കയര്‍ ഉപയോഗിച്ചാണ് സാത്വിക് ആത്മഹത്യ ചെയ്തത്. പഠന ഭാരം താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
സംഭവത്തിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ക്കും ഹോസ്റ്റല്‍ ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ പരീക്ഷയില്‍ സാത്വികിന് മാര്‍ക്ക് കുറവായിരുന്നു. ഇതോടെ ഒരു അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അധ്യാപകന്‍ സാത്വികിനോട് മോശമായി പെരുമാറി. തന്നെ അപമാനിച്ചെന്ന് സാത്വിക് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാല്‍ പരാതി കൊടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങിയെന്നും ഇതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്.
മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നതിനെതിരെ നേരത്തെയും ഈ കോളേജിനെതിരെ ആക്ഷേപമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സാത്വിക് തുണി വിരിച്ചിടുന്ന കയറുപയോഗിച്ച് സ്കൂളിലെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചത്. രാത്രി ക്ലാസിന് ശേഷം സാത്വികിനെ കാണാതായതോടെ തെരച്ചില്‍ നടത്തിയ വിദ്യാര്‍ത്ഥികളാണ് കൂട്ടുകാരനെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലെത്തിക്കാനുള്ള വാഹന സൌകര്യം ഹോസ്റ്റല്‍ അധികൃതര്‍ ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വാഹനം സജ്ജീകരിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ സ്കൂളിന് മുന്നിൽ സമരം നടത്തി. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ സാത്വികിന്‍റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവന്നു. പഠനത്തിന്‍റെ പേരില്‍ തനിക്ക് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടിവന്നതാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. തന്‍റെ അമ്മയ്ക്ക് വിദ്യാര്‍ത്ഥിയെഴുതിയ കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. “എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല അമ്മേ. അതുകൊണ്ടാണ് ഞാൻ ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നത്, എന്നോട് ക്ഷമിക്കൂ” – വിദ്യാര്‍ത്ഥിയില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു. ഞാൻ അനുഭവിക്കുന്ന പീഡനം ആരും അനുഭവിക്കരുത്. ഹോസ്റ്റലിലെ പീഡനം നരക തുല്യമാണ്. ഈ നേരിടാൻ തനിക്ക് കഴിയുന്നില്ല. അമ്മയെ ഇത്തരമൊരു അവസ്ഥയിലാക്കിയിതില്‍ ക്ഷമിക്കണം, അമ്മയെ നന്നായി നോക്കണമെന്ന് ജേഷ്ഠന്‍മാരോടായി കുറിപ്പില്‍ പറയുന്നു. കുട്ടി സ്വന്തം കൈപ്പടയിലെഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.