മലയാള സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന തിയറ്റര്‍ ഉടമകളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മാസങ്ങള്‍ നീണ്ട ആശങ്ക അവസാനിച്ചിരിക്കുകയാണ്. അതും തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ സമീപകാലത്തൊന്നും ദൃശ്യമാകാത്ത പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന ഒരു ചിത്രം. കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് തിയറ്ററുകളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ റിലീസ് ചെയ്യപ്പെടുന്ന സിനിമകള്‍ ജനപ്രീതി നേടുന്നപക്ഷം ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ത്തുള്ള ആദ്യ വാരാന്ത്യത്തില്‍ മികച്ച ഓപണിംഗ് നേടുന്നത് സാധാരണമാണ്. എന്നാല്‍ ആദ്യ വാരാന്ത്യത്തിന് ശേഷം തിങ്കള്‍വ മുതല്‍ ആരംഭിക്കുന്ന പ്രവര്‍ത്തി ദിനങ്ങളില്‍ വാരാന്ത്യത്തിലേതുപോലെ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇത്തരത്തില്‍ മുന്‍പ് മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ സമയത്താണെന്നാണ് ട്രേഡ് അനലിസ്റ്റുകളും തിയറ്റര്‍ ഉടമകള്‍ തന്നെയും പറയുന്നത്. ഇതില്‍ ആദ്യ ചൊവ്വാഴ്ച കളക്ഷനില്‍ 2018 ചരിത്രം കുറിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.