മലയാളി വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശ ദമ്ബതികളുടെ മകന്‍ ജൂഡ് (21) ആണ് മരിച്ചത്.ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന ജൂഡ് പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞു പോകുമ്ബോള്‍ അജ്ഞാതന്‍ തലയില്‍ നിറയൊഴിക്കുകയായിരുന്നു.
അക്രമി സംഭവ സ്ഥലത്തു നിന്നു കടന്നുകളഞ്ഞു. അതുവഴി പോയ വിദ്യാര്‍ത്ഥികളാണ് ജൂഡിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണം ഉറപ്പായ ഘട്ടത്തിലാണ് അവയവ ദാനം നടത്താന്‍ തീരുമാനിച്ചത്.
കവര്‍ച്ച ശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം. ജൂഡിന്റെ പഴ്‌സ് കണ്ടെത്താനായിട്ടില്ല.
ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്ബ് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. റോയി ചാക്കോ ബിസിനസ് നടത്തുന്നു.
കൊട്ടാരക്കര കിഴക്കേത്തെരു സ്വദേശിയായ ആശ ഫിലാഡല്‍ഫിയയില്‍ ജല ഗുണ നിലവാര പരിശോധന വിഭാഗത്തില്‍ ഉദ്യോഗസ്ഥയാണ്. ജൂഡിന്റെ സംസ്‌കാരം പിന്നീട് ഫിലാഡല്‍ഫിയയില്‍ നടക്കും.