തായ്‌ലൻഡിലെ സന്യാസിമഠത്തിൽ 73 മൃതശരീരങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൂടാതെ സന്യാസിമഠത്തോട് ചേർന്നുള്ള കുളത്തിൽ 600 -ലധികം മുതലകളെയും പാർപ്പിച്ചിരിക്കുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് അനധികൃതമായി അല്ലെന്നും വിശ്വാസികളായവർ സ്വമേധയാ നേരത്തെ തന്നെ അവ സൂക്ഷിക്കാൻ അനുവാദം നൽകിയതാണെന്നുമാണ് സന്യാസി മഠത്തിന്റെ അവകാശവാദം.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നവംബർ 22 -നാണ് തായ്‌ലൻഡിലെ ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫോ താലെയിലെ പ്രശസ്തമായ തിഫക്‌സോംഗ് പാ സാംഗ്‌നായതം സന്യാസിമഠത്തിൽ തായ് പോലീസ് റെയ്ഡ് നടത്തിയത്. അവിടെനിന്നും 41 മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ സന്യാസിമഠം, 16,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. വിശാലമായ സന്യാസിമഠത്തില്‍ ഒരു ഓപ്പൺ എയർ ധ്യാനകേന്ദ്രം, സന്ദർശകർക്കും സന്യാസിമാർക്കുമായി നാല് ഊണുമുറികൾ, മുളകൊണ്ട് നിർമ്മിച്ച ധ്യാനത്തിനുള്ള പവലിയനുകൾ എന്നിവയാണ് ഇവിടെയുള്ളത്.
ധ്യാനസ്ഥലത്ത് നിരവധി ശവപ്പെട്ടികളും പോലീസ് കണ്ടെത്തി. ഇതിനെല്ലാം പുറമേ സന്യാസിമഠത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കുളത്തിൽ 600 -ലധികം മുതലകളെ പാർപ്പിച്ചിരിക്കുന്നതും കണ്ടെത്തി. ഉയർന്ന വേലികളാൽ ചുറ്റപ്പെട്ട ഈ മുതലക്കുളം പുറമേ നിന്നു വരുന്നവർക്ക് അത്ര വേഗത്തിൽ കാണാൻ കഴിയില്ല.
കണ്ടെത്തിയ മൃതദേഹങ്ങൾ മരണത്തിന് മുമ്പ് സ്വമേധയാ ചില വ്യക്തികൾ സംഭാവന ചെയ്തതാണെന്നും ശിഷ്യന്മാരും അവരുടെ കുടുംബാംഗങ്ങളും മരണശേഷം സ്വന്തം ശരീരം സംഭാവന ചെയ്യുന്നത് പതിവാണെന്നുമാണ് സന്യാസി മഠത്തിന്റെ വിശദീകരണം. ഇത് തെളിയിക്കുന്നതിനായി മരണ സർട്ടിഫിക്കറ്റുകളും, മൃതദേഹം സംഭാവന ചെയ്യുന്നതായി വ്യക്തമാക്കി കൊണ്ടുള്ള സമ്മതപത്രങ്ങളും സന്യാസി മഠം അധികൃതർ പോലീസിന് സമർപ്പിച്ചു.
നവംബർ 26 -ന്, ഫിചിറ്റ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ബാംഗ് മുൻ നാക് ജില്ലയിലെ മറ്റൊരു സന്യാസിമഠത്തിൽ നടത്തിയ പരിശോധനയിൽ അവിടെനിന്നും 32 മൃതദേഹങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ രണ്ട് മഠങ്ങളും മഠാധിപതിയായ ഫ്രാ അജാൻ സായ് ഫോൺ പണ്ഡിറ്റോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ്.
മൃതദേഹങ്ങൾ സന്യാസിമാരുടെ മരണഭയത്തെ നേരിടാനും മറികടക്കാനും സഹായിക്കുന്ന ധ്യാന പരിശീലനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത് എന്നാണ് സന്യാസി മഠം അധികൃതർ പറയുന്നത്.
നിലവിൽ, പോലീസ് മൃതദേഹങ്ങൾ പിടിച്ചെടുക്കുകയും സന്യാസിമഠവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൃതശരീരങ്ങൾ ആരുടേതൊക്കെയാണ് എന്നും അവർ എങ്ങനെയാണ് മരണപ്പെട്ടത് എന്നുമുള്ള അന്വേഷണം ആരംഭിച്ചതായും തായ് പൊലീസ് പറഞ്ഞു.