ജയ്‌പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. 40 ലേറെ മണ്ഡലങ്ങളിൽ നേരിടുന്ന വിമത ഭീഷണിക്കൊപ്പമാണ് നേതാക്കളുടെ കൂറുമാറ്റവും കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. അതേസമയം വിമത ശല്യം ബിജെപിയെയും അലട്ടുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി കേന്ദ്ര നേതൃത്വം ഇറക്കിയ മന്ത്രി അർജുൻ റാംമേഘ് വാൾ, എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാകുമാരി എന്നിവർക്ക് വിമത ഭീഷണിയുണ്ട്.
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാം ഗോപാൽ ബൈർവ, മുൻ എംഎൽഎ അശോക് തൻവാൽ എന്നിവരടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അതേസമയം ബിജെപി വിട്ട പ്രമുഖ നേതാവ് അമിൻ പഠാൻ കോൺഗ്രസിലും ചേർന്നിട്ടുണ്ട്. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ബിജെപി മുന്നിലെന്നുമാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ ഇത് തള്ളുന്ന കോൺഗ്രസ് നേതൃത്വം വൻ വിജയം നേടുമെന്ന് പറയുമ്പോഴാണ് വിമത ശല്യവും കൂറുമാറ്റവും വെല്ലുവിളിയാവുന്നത്. അശോക് ഗെഹ്ലോട്ടിന്റെ ജനകീയതയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. ടോങ്കടക്കമുള്ള മേഖലകളിൽ സച്ചിൻ പൈലറ്റിന് പിന്തുണ കൂടുതലുണ്ട്. അതേസമയം വിമതരെയും പാർട്ടി വിടുന്നവരെയും അനുനയിപ്പിക്കാൻ ബിജെപി-കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
ഇരുപത്തിയഞ്ചിന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസ് ക്യാമ്പുകള് പ്രചാരണ ചൂടിലേക്ക് കടന്നിട്ടുണ്ട്. ഇന്ന് ബിജെപിയുടെ പ്രചാരണ പത്രിക പുറത്തിറക്കും. ഭരണമാറ്റമെന്ന പതിവ് രീതി ആവര്‍ത്തിച്ചാല്‍ ബിജെപിക്കും, ക്ഷേമ പദ്ധതികള്‍ ജനം അംഗീകരിച്ചാല്‍ കോണ്‍ഗ്രസിനും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇരുക്യാമ്പുകളും. മാറിയ ജാതി സമവാക്യങ്ങളും ഇക്കുറി രാജസ്ഥാന്‍റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാകും. 2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 200 അംഗ സഭയിൽ 99 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. 73 സീറ്റുകളിലായിരുന്നു ബിജെപി ജയിച്ചത്.