സിഡ്‌നി: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പൊലീസ്. ന്യൂ സൗത്ത് വെയിൽസിലെ സിഡ്‌നിയിൽ 2015 മാർച്ച് ഏഴിനാണ് ബംഗളൂരു സ്വദേശിനിയായ പ്രഭ അരുൺകുമാർ (41) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സിഡ്‌നിയിലെ പാരമറ്റ പാർക്കിൽ വെച്ച് അജ്ഞാതന്റെ കുത്തേറ്റായിരുന്നു മരണം.
സംഭവം നടന്ന് പത്ത് വർഷമാകാറായിട്ടും ന്യൂ സൗത്ത് വെയിൽസ് പൊലീസിന് കേസിൽ ഒരു തുമ്പും കിട്ടിയിട്ടില്ല. പാർക്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കൊലയാളിയുടെ വ്യക്തമായ ദൃശ്യങ്ങളൊന്നും തന്നെ കിട്ടിയില്ല. തുടർന്ന് അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് പൊലീസ് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വിവരം നൽകുന്നവർ ഇന്ത്യയിൽ നിന്നുള്ളവരാണെങ്കിൽ പോലും തുക നൽകുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോലിയുടെ ഭാഗമായാണ് പ്രഭ ഓസ്ട്രേലിയയിലെത്തിയിരുന്നത്. മൈൻഡ് ട്രീ ലിമിറ്റഡ് എന്ന ഇന്ത്യൻ ഐ.ടി. കമ്പനിയിലാണ് പ്രഭ ജോലി ചെയ്‌തിരുന്നത്. ഭർത്താവ് അരുൺകുമാറുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. തന്നെ ആരോ പിന്തുടരുന്നുവെന്ന് പ്രഭ പറഞ്ഞുവെന്നും ഇതിന് പിന്നാലെ അവർ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നും ഭർത്താവ് അരുൺകുമാർ പൊലീസിനോട് പറഞ്ഞിരുന്നു. പ്രഭയുടെ താമസ സ്ഥലത്തു നിന്ന് 400 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഭയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരെ കുറിച്ച് അന്വേഷിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 2017-ൽ ഓസ്ട്രേലിയൻ പൊലീസ് സംഘം അന്വേഷണത്തിൻ്റെ ഭാഗമായി കർണാടകയിലെത്തിയിരുന്നു. കൊലപാതകികളും കൊലപാതകത്തിന് സഹായിച്ചവരും ഓസ്ട്രേലിയയ്ക്ക് പുറത്തുള്ളവരാകാൻ സാധ്യതയുണ്ട് എന്ന് 2016-ൽ തന്നെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് സൂചിപ്പിച്ചിരുന്നു.
കൊലപാതകം നടക്കുമ്പോൾ മരിച്ച സ്ത്രീയുടെ ഭർത്താവിന് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് ഹോമിസൈഡ് സ്ക്വാഡ് കമാൻഡർ ഡാനി ഡോഹെർട്ടി സ്ഥിരീകരിച്ചിരുന്നു. ഈ കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.






























