വാഷിംഗ്ടണ്‍ : ട്രാൻസ്ജെൻഡറാകുന്നത് മാനസികാരോഗ്യ വൈകല്യം മൂലമാണെന്ന് പറഞ്ഞ അമേരിക്കൻ ടെക് സംരംഭകൻ വിവേക് രാമസ്വാമിക്കെതിരെ വിമര്‍ശനം.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള ഉള്‍പ്പാര്‍ട്ടി പോരില്‍ (പ്രൈമറി) മത്സരിക്കുന്ന വിവേക് പാര്‍ട്ടിയുടെ രണ്ടാം സംവാദത്തിനിടെയാണ് പരാമര്‍ശം നടത്തിയത്.
താൻ പ്രസിഡന്റായാല്‍ അനധികൃത കുടിയേറ്റക്കാരുടെ യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി നല്‍കുന്ന പൗരത്വം നിറുത്തലാക്കുമെന്നും ഇന്ത്യൻ വംശജനായ വിവേക് പറഞ്ഞു. പ്രസിഡന്റായാല്‍ രാജ്യത്തെ എച്ച് – 1 ബി വിസ സംവിധാനം നിറുത്തുമെന്നും പകരം യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനം നടത്തുമെന്നും വിവേക് മുമ്ബ് പറഞ്ഞിരുന്നു.
ഒഹായോയിലെ സിൻസിനാറ്റിയില്‍ ജനിച്ചുവളര്‍ന്ന വിവേകിന്റെ മാതാപിതാക്കള്‍ യു.എസിലേക്ക് കുടിയേറിയ മലയാളികളാണ്. മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവര്‍ണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി തുടങ്ങിയവരാണ് റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാൻ മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.



























