കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ പി ജി മനുവിന് കീഴടങ്ങാൻ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു. ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് പത്തു ദിവസത്തെ സമയം കോടതി അനുവദിച്ചത്. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ലെങ്കില്‍ പി ജി മനു കീഴടങ്ങേണ്ടിവരും.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയാൽ ജാമ്യാപേക്ഷയിൽ വൈകാതെ തീരൂമാനമെടുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു.
ബലാത്സംഗ കേസിൽ പ്രതിയായ അഭിഭാഷകന്‍റെ അറസ്റ്റ് വൈകുന്നതിന്‍റെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ് പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചത്. ഉന്നത സ്വാധീനമുള്ള പ്രതിയുടെ അറസ്റ്റ് വൈകുന്ന ഓരോ നിമിഷവും ആശങ്കയുടേതാണെന്നും മരണ ഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. അതിനാൽ ഇനിയും നടപടികൾ വൈകിക്കരുതെന്നായിരുന്നു ആവശ്യം. കേസിനാധാരമായ സംഭവത്തിൽ പ്രധാന തെളിവാകേണ്ട അഭിഭാഷകന്‍റെ ഫോൺ അടക്കം കാണാതായെന്നതിൽ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.






























