ബൊഗോട്ട: വിഖ്യാത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാർസിയ മാർക്കേസിന്റെ അവസാന നോവലായ ‘അണ്‍റ്റില്‍ ഓഗസ്റ്റ്’ പുറത്തിറങ്ങി.
സ്പാനിഷ് ഭാഷയിലാണ് പുസ്തകം. ഈ മാസം 20ന് ഇംഗ്ലീഷ് പതിപ്പെത്തും. 2014 ഏപ്രില്‍ 17ന് 87ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. വിടപറഞ്ഞ് പത്ത് വർഷം തികയുന്ന വേളയില്‍ നോവല്‍ പുറത്തിറങ്ങുന്നതിനാല്‍ ഏറെ ആകാംഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.
മരിക്കുന്നതിന് 15 വർഷം മുമ്ബാണ് “അണ്‍റ്റില്‍ ഓഗസ്റ്റ്” എഴുതിത്തുടങ്ങിയത്. മരിക്കുന്നതിന് മുമ്ബ് പൂർത്തിയാക്കി. എന്നാല്‍, നോവലില്‍ തൃപ്തനല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കണമെന്ന് അദ്ദേഹം മക്കളോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മക്കളായ റൊഡ്രിഗോയുടെയും ഗോണ്‍സാലോയുടെയും സമ്മതത്തോടെയാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്. കൈയെഴുത്തുപ്രതികള്‍ മാർക്കേസ് കുടുംബത്തിന് കൈമാറുകയും അവരത് യു.എസിലെ ടെക്സസ് സർവകലാശാലയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച മാർക്കേസിന്റെ 97ാം ജന്മവാർഷിക ദിനത്തിലായിരുന്നു 100 പേജുള്ള നോവല്‍ പുറത്തിറങ്ങിയത്. പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസാദകർ.






























