തിരുവനന്തപുരം: കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി എന്‍.എ.ഡിയില്‍ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതോടെ 20 വര്‍ഷത്തിലധികമായി ഉണ്ടായിരുന്ന പ്രതിസന്ധിയാണ് നീങ്ങിയതെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ ആര്‍.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഭൂമി ലഭ്യമാക്കിയതിന് പകരമായി എന്‍.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി – എന്‍.എ.ഡി റോഡ് 5.5 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മിക്കും. ഭൂമിക്കായുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയായിരുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് നിര്‍മാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.






























