കാൺപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടകളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രിൻസിപ്പൽ പ്രതാപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതാപ് സിംഗിനെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രതാപ് സിംഗ് നാളുകളായി വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ വിളിച്ച് വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. കുട്ടികളുടെ ശരീരഭാഗങ്ങളിൽ തൊടുകയും അശ്ലീല വർത്തമാനം പറയുകയും ചെയ്തിരുന്നതായി പരാതിയിൽ ആരോപിക്കുന്നു






























