അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികളികൾ ഏവരും വായിച്ച് ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്ക്രീനിൽ കാണാൻ കഥാനായകൻ നജീബും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ.
“ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.






























