തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിശബ്ദപ്രചാരണദിനമായ ഇന്ന് അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നത്.
നിർണ്ണായക വിധിയെഴുത്തിനാണ് കേരളം ഒരുങ്ങുന്നത്. രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഉദ്യോഗസ്ഥാർ വോട്ടിംഗ് യന്ത്രങ്ങളടക്കം ഏറ്റുവാങ്ങി ബൂത്തുകളിലേക്കെത്തിത്തുടങ്ങി. 2,77, 49,159 വോട്ടർമാരാണ് ആകെ കേരളത്തിലുളളത്. ഇവർക്കായി 25,231 ബൂത്തുകളാണ് സജീകരിച്ചിട്ടുളളത്. കനത്ത സുരക്ഷ ഒരുക്കുന്നതിനായി 62 കമ്പനി കേന്ദ്രസേനയെ അധികമായും വിന്യസിച്ചിട്ടുണ്ട്. രാവിലെ 7 മണിയോട് ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തും.പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ഇനിയുള്ള ശ്രമം. 2019 ൽ 77.67 % പോളിംഗാണ് രേഖപ്പെടുത്തിയത്.






























