തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ മഴയും തുടര്‍ന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാല്‍ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണം. പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
‘മെഡിക്കല്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസറായതിനാല്‍ യോഗം ചേര്‍ന്ന് പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാര്‍ഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്.’ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ‘ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകര്‍ച്ചവ്യാധികളുണ്ടാകാന്‍ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വര്‍ധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. വീടിനും സ്ഥാപനങ്ങള്‍ക്കും അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്താനുള്ള സാഹചര്യം ഒഴിവാക്കണം.’ ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.






























