ചാലക്കുടി: നാലാം തവണയും പൊന്നുടുമ്പ് ജോബിയെ തേടിയെത്തി. മുൻ തവണത്തെ പോലെ തന്നെ ഉടുമ്പിനെ വനപാലകർക്ക് കൈമാറി. ചാലക്കുടി മാർക്കറ്റിലെ തൊഴിലാളിയാണ് ജോബി. ജോലികൾക്കിടയിൽ ചാലക്കുടി മാർക്കറ്റിൽ നിന്നാണ് പൊന്നുടുമ്പിനെ കിട്ടിയത്. കഴിഞ്ഞ മൂന്ന് വർഷവും പൊന്നുടുമ്പിനെ ജോബിക്ക് ലഭിച്ചിരുന്നു. എല്ലാ വർഷവും പതിവായി പൊന്നുടുമ്പ് കൈകളിലെത്തുന്നത് മറ്റുള്ളവർക്ക് കൗതുകമായി.
കേരളത്തിൽ കാണപ്പെടുന്ന ഉടുമ്പുകളിൽ ഇനി അവശേഷിക്കുന്നത് ഇടത്തരം വലിപ്പമുള്ള ഉരഗങ്ങളിൽപ്പെടുന്ന പൊന്നുടുമ്പ് മാത്രമാണ്. പൊന്നുടുമ്പ് ശരീരമാകെ ഭംഗിയുള്ള മഞ്ഞപ്പുള്ളികളും വരകളും കൊണ്ട് നിറഞ്ഞവയാണ്. വളരുന്നതോടെ തവിട്ടു നിറമായി മാറുന്നു. ബലിഷ്ഠമായ ശരീരമാണിവയുടെ പ്രത്യേകത. നീളമുള്ള കഴുത്ത്, ബലിഷ്ഠമായ നീളമുള്ള വാൽ, ഏതു പ്രതലത്തിലും പിടിച്ചുകയറുവാനുതകുന്ന അതി ശക്തമായ വിരലുകളും നഖങ്ങളും ഇവയുടെ മറ്റ് പ്രധാന സവിശേഷതകളാണ്. മുട്ടകളാണ് ഇഷ്ടഭോജ്യം. പക്ഷിമുട്ടകൾ എടുക്കാനായി മരപ്പൊത്തുകളെ ലക്ഷ്യമാക്കി ഇഴഞ്ഞു കയറുന്ന ഉടുമ്പുകളെ ഇടയ്ക്കിടെ കാണാം. വെള്ളത്തിനടിയിൽ കൂടി കുറെ ദൂരം സഞ്ചരിക്കാനുള്ള കഴിവുണ്ട്.






























