പെർത്ത്: നഗരമധ്യത്തിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ട്‌ടിച്ച്, പൊലീസിന്റെ വെടിയേറ്റു മരിച്ച കൗമാരക്കാരനെക്കുറിച്ച് പുറത്ത് വരുന്നത് ഗൗരവമേറിയ ആരോപണങ്ങൾ. 16കാരൻ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്‌ടനായിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ തന്റെ സഹപാഠികളെയും ഇത്തരം ആശയങ്ങളിലേക്കു നയിക്കാനും മതപരിവർത്തനത്തിനും ശ്രമിച്ചിരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കൗമാരക്കാരൻ പഠിച്ചിരുന്ന പെർത്തിലെ റോസ്മോയ്ൻ സീനിയർ ഹൈസ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ രക്ഷിതാവാണ് പ്രതിക്കെതിരേ ഗൗരവമേറിയ ആരോപണവുമായി രംഗത്തുവന്നത്. ഇതുകൂടാതെ 2022ൽ സ്‌കൂൾ ടോയ്ലറ്റിൽ ചെറിയ സ്ഫോടനം നടത്തിയ സംഭവത്തിൽ കൗമാരക്കാരന് പങ്കുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വില്ലെറ്റണിലുണ്ടായ ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കൗമാരക്കാരന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഈ രക്ഷിതാവ് സ്‌കൂളിന് ഇ-മെയിൽ അയച്ചിരുന്നു. ഏപ്രിൽ മൂന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. വില്ലെറ്റണിൽ ആക്രമണമുണ്ടാകുന്നത് മെയ് നാലിനും. ബണിംഗ്സിന്റെ കാർ പാർക്കിങ്ങിൽ വച്ച് ഒരാളെ കുത്തിയ പ്രതി പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് വെടിയേറ്റു മരിച്ചത്. ‘ദി സിഡ്‌നി മോർണിങ് ഹെറാൾഡാണ്’ രക്ഷിതാവ് അയച്ച ഇ-മെയിൽ പ്രസിദ്ധീകരിച്ചത്.
എട്ടു വയസുള്ള തൻ്റെ മകൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മതം മാറ്റാൻ റോസ്മോയ്ൻ സീനിയർ ഹൈസ്‌കൂളിൽ വച്ച് കൗമാരക്കാരൻ ശ്രമിച്ചിരുന്നുവെന്ന് രക്ഷിതാവ് കത്തിൽ വെളിപ്പെടുത്തുന്നു. സ്‌കൂളിലെ പ്രാർത്ഥനാ മുറിയാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്ന് എട്ടു വയസുകാരന്റെ അമ്മ പറയുന്നു. ഇക്കാര്യത്തിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും ഇവർ സ്‌കൂൾ അധികാരികളെ അറിയിക്കുന്നു.
വിവാദ ഇസ്ലാമിക് മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ തൻ മകനെ കൗമാരക്കാരൻ കാണിച്ചിരുന്നു. ഇക്കാര്യം രഹസ്യമായിരിക്കണമെന്നും മാതാപിതാക്കളെ അറിയിക്കരുതെന്നും അവനോട് പറഞ്ഞു. മതപരിവർത്തനം സംബന്ധിച്ച് വിദ്യാർത്ഥികൾ തമ്മിലുള്ള ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകൾ താൻ കണ്ടിട്ടുണ്ട്’ – രക്ഷിതാവ് കത്തിൽ പറയുന്നു.
‘ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇത് തന്റെയുള്ളിൽ ഭയം ജനിപ്പിക്കുന്നു, കൂടുതൽ വിദ്യാർത്ഥികളെ മതപരിവർത്തനത്തിനായി അവൻ ലക്ഷ്യമിട്ടിരുന്നു’ – കത്തിൽ പറയുന്നു.
‘ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ കുട്ടിയുടെ സുരക്ഷയെ ഓർത്ത് കടുത്ത ഭീതിയിലാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ എന്റെ മകനെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അവർ കത്തിൽ വ്യക്തമാക്കി.കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാർത്ഥിയുമായുള്ള വഴക്കിനെത്തുടർന്ന് 16 കാരനെ സ്കൂളിൽ നിന്ന് ദിവസങ്ങളോളം സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ ലിസ റോജേഴ്സ് എബിസിയോട് വെളിപ്പെടുത്തിയിരുന്നു.
കൗമാരക്കാരനും മറ്റൊരു വിദ്യാർത്ഥിയും ചേർന്ന് ലിഥിയം ബാറ്ററി ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് ചെറിയ സ്ഫോടനം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിന് വിധേയനാക്കിയത്. അന്ന് ഭാഗ്യത്തിന് ആർക്കും ഒന്നും സംഭവിച്ചില്ല.
ഇ-മെയിൽ അയച്ച് മൂന്നാഴ്‌ചയ്ക്ക് ശേഷമാണ് പെർത്തിനെയാകെ നടുക്കിയ സംഭവമുണ്ടായത്. താൻ ജിഹാദിന്റെ പാതയിലാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരന്റെ്റെ മരണത്തിനു മുൻപുള്ള സന്ദേശങ്ങൾ ലഭിച്ചതോടെയാണ് സംഭവത്തിന്റെ തീവ്ര സ്വഭാവത്തെക്കുറിച്ച് പോലീസിന് വ്യക്തമായത്. ഇതിനൊപ്പം രക്ഷിതാവിന്റെ ഇ-മെയിലും കൂട്ടിവായിക്കുമ്പോഴാണ് കൗമാരക്കാരന്റെ പ്രവൃത്തിയുടെ ആഴം വ്യക്തമാകൂ. വിവരങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ റോസ്മോയ്ൻ സീനിയർ ഹൈസ്കൂളിലെ മാതാപിതാക്കൾ ആശങ്കയിലാണ്. സ്‌കൂളുകളിൽ പ്രാർത്ഥനാ മുറികൾ വേണ്ടെന്നുള്ള വാദത്തിന് അടിവരയിടുന്നതാണ് ഈ സംഭവം.






























