കാൻബറ: തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാൻ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. സിഡ്നിയിലും പെർത്തിലും കൗമാരക്കാർ ഭീകരാക്രമണത്തിന് മുതിർന്ന സംഭവങ്ങളുണ്ടായതോടെയാണ് ഇത്തരം പദ്ധതികൾ (കൗണ്ടറിങ് വയലന്റ് എക്സ്ട്രിമിസം പ്രോഗ്രാം) ചെറുപ്പക്കാരിൽ ഫലപ്രദമാകുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.
സിഡ്നിയിൽ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും പെർത്തിൽ നഗരമധ്യത്തിൽ ഒരാളെ കുത്തിയ സംഭവത്തിലും പിടിയിലായത് 16 വയസുകാരാണ്. ഇതു കൂടാതെ പൊലീസ് സിഡ്നിയിൽ നടത്തിയ റെയ്ഡിൽ അഞ്ചു കൗമാരക്കാർ കൂടി അറസ്റ്റിലായിരുന്നു. ഇവരെ തീവ്രവാദ നിരോധന നിയമത്തിൻ കീഴിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പെർത്തിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16കാരൻ പൊലീസിൻന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.
ചെറിയ പ്രായത്തിനുള്ളിൽ നിരവധി കൗമാരക്കാർ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും സമൂഹത്തിന് ഭീഷണിയാകുന്നതും വളരെ ഗൗരവത്തോടെ കാണാൻ ഈ രണ്ടു സംഭവങ്ങളും സർക്കാരിന് പ്രേരകമായിട്ടുണ്ട്. പെർത്തിൽ വെടിയേറ്റു മരിച്ച 16-കാരൻ തീവ്ര ആശയങ്ങളിൽ നിന്ന് പിന്തിരിയാനായി രണ്ട് വർഷത്തിലേറെയായി ‘ഡീ-റാഡിക്കലൈസേഷൻ’ പ്രോഗ്രാമിനു വിധേയനായിരുന്നുവെന്ന റിപ്പോർട്ടുകൾ സർക്കാരിനെയും പൊലീസ് സംവിധാനങ്ങളെയും മാറ്റിച്ചിന്തിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ വേണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
ഭീകരാക്രമണം പോലുള്ള ആശയങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാനും അപകടസാധ്യത കുറയ്ക്കാനുമുള്ള സേവനങ്ങൾ നൽകുകയാണ് ഇത്തരം പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. 140-ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് കൗമാരക്കാരനും ഉൾപ്പെട്ടിരുന്നത്.
ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള കൗണ്ടറിങ് വയലന്റ് എക്സിമിസം പ്രോഗ്രാമിൽ (സിവിഇ) പങ്കെടുത്ത കുട്ടിക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് മന്ത്രി പോൾ പപ്പാലിയ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ സമൂഹത്തിന് ഭീഷണിയായി മാറുമെന്ന ദീർഘവീക്ഷണം പോലീസിനുണ്ടായില്ലെന്ന് എ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരക്കാർ യാതൊരു മുന്നറിയിപ്പില്ലാതെയാണ് ആക്രമണ സംഭവങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് പോലീസിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ആശയങ്ങൾ കുട്ടികളിൽ എത്തുച്ചേരുന്നതിനെതിരേയുള്ള ആശങ്ക പ്രധാനമന്ത്രി ആൻ്റണി അൽബനീസിയും പങ്കുവെച്ചിരുന്നു. വെടിയേറ്റു മരിച്ച കൗമാരക്കാരൻ പഠിക്കുന്ന സ്കൂളിലെ തന്റെ കൂട്ടുകാരെയും ഇത്തരം ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു.
14 വയസുള്ളപ്പോഴാണ് കുട്ടി ഡീ- റാഡിക്കലൈസേഷൻ പ്രോഗ്രാമിൽ ചേർന്നത്. സമൂഹത്തിന് ഭീഷണിയാകുന്ന പ്രത്യയശാസ്ത്രങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെയാണ് ഈ പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർ കുറ്റവാളികളല്ലാത്തതിനാൽ ക്രിമിനൽ സമീപനത്തോടെയല്ല ഇവരോടു പെരുമാറുന്നതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് കമ്മിഷണർ കേണൽ ബ്ലാഞ്ച് പറഞ്ഞു. ‘ഇത് യഥാർത്ഥത്തിൽ അവരെ മാനസികമായി പിന്തുണയ്ക്കുന്ന ഒരു പരിപാടിയാണ്.അതിനാൽ, അതിൽ മനശാസ്ത്രജ്ഞർ ഉൾപ്പെടുന്നു. കുട്ടികൾ സ്കൂളിലാണെങ്കിൽ അവരുടെ പ്രശ്നനങ്ങൾ കൈകാര്യം ചെയ്യാൻ മതനേതാക്കളെയും ഉൾപ്പെടുത്തുന്നു – അദ്ദേഹം പറഞ്ഞു
അതേസമയം, പദ്ധതി വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും ആരുടെയെങ്കിലും കാഴ്ചപ്പാടുകൾ മാറ്റുന്നത് കഠിനമായ ടാസ്ക് ആണെന്നും കമ്മിഷണർ പറഞ്ഞു. കൗമാരക്കാരനെ സഹായിക്കാൻ സ്കൂൾ അധികൃതർ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഡബ്ല്യുഎ പോലീസ് എന്നിവരെല്ലാം ശ്രമിച്ചു. എന്നിട്ടും അതു സംഭവിച്ചു – അദ്ദേഹം പറഞ്ഞു.
തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ചെയ്തിട്ടുള്ള ഫെഡറൽ യൂത്ത് മിനിസ്റ്റർ ആൻ അലിയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയയുടെ സിവിഇ പദ്ധതി തയാറാക്കിയിട്ടുള്ളത്. എന്നാൽ എവിടെയും ഈ പ്രോഗ്രാമുകളൊന്നും സാർവത്രികമായി വിജയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നെതർലാൻഡിലാണ് സിവിഇ പ്രോഗ്രാമുകൾ ആദ്യം ആരംഭിച്ചത്. നവ-നാസി പ്രത്യയശാസ്ത്രത്തിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് തടയാനായിരുന്നു അന്ന് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.






























