ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കൊലപ്പെടുത്തിയതോ? അങ്ങനെ കരുതുന്നവരും കുറവല്ല. ഇറാന്റെ ബദ്ധശത്രുവായ ഇസ്രയേലിന്റെ കരങ്ങളിലേക്ക് സ്വാഭാവിക സംശയം നീളുമ്ബോള്‍, റെയ്സിയെ വകവരുത്താൻ തക്ക ശത്രുതയുള്ളവർ ഇറാനില്‍ തന്നെയുണ്ട്.
വളരെ മോശം കാലാവസ്ഥയായിട്ടും വനമേഖലയിലൂടെ അസർബൈജാൻ അതിർത്തിയിലെത്താൻ പഴഞ്ചൻ ഹെലികോപ്ടർ ഉപയോഗിച്ചതിലും സംശയമുയരുന്നു.
ഇസ്രയേലിനെ സംശയിക്കുന്നവർ നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്: ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനു പിന്നാലെ ഇറാനുമായുള്ള ശത്രുത വർദ്ധിച്ചു. ഹമാസിന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് റെയ്സി. ഇസ്രയേലിനെ ആക്രമിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ആയുധവും പരിശീലനവും ഇറാൻ നല്‍കുന്നു. കഴിഞ്ഞ മാസം ഡമാസ്കസില്‍ ഒരു ഇറാനിയൻ ജനറലിനെയുള്‍പ്പെടെ ഇസ്രയേല്‍ വധിച്ചു. ഇതിനു പകരമായി ഇറാൻ ഇസ്രയേലില്‍ മിസൈല്‍ ആക്രമണവും നടത്തി. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ശത്രുക്കളെ ടാർജറ്റ് ചെയ്ത് വകവരുത്തുന്നതില്‍ വിദഗ്ദ്ധർ.
അതേസമയം, അപകടത്തിനു പിന്നില്‍ തങ്ങള്‍ക്ക് ഒരു റോളുമില്ലെന്ന് ഇസ്രയേല്‍ പറയുന്നു. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാനും.
ഇറാന്റെ പരമാധികാരിയായ അയത്തൊള്ള ഖമനേയി തന്റെ പിൻഗാമിയായി കണ്ടുവച്ചിട്ടുള്ള റെയ്സിക്ക് രാഷ്ട്രീയ ശത്രുക്കള്‍ ഏറെയാണ്. എണ്‍പതുകളില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ശിക്ഷ വിധിക്കാൻ ഖമനേയി നിയമിച്ച നാല് ജഡ്ജിമാരില്‍ ഒരാള്‍. 1988ല്‍ അയ്യായിരത്തിലധിം രാഷട്രീയത്തടവുകാർക്ക് ഇവർ വധശിക്ഷ വിധിച്ചു. കൂട്ടക്കൊലയും നടപ്പാക്കി. കില്ലർ ഗ്രൂപ്പെന്നാണ് ഇവർ പിന്നീട് അറിയപ്പെട്ടത്. ടെഹ്റാനിലെ കശാപ്പുകാരൻ എന്ന വിളിപ്പേര് റെയ്സിക്കും ശത്രുക്കള്‍ ചാർത്തി. 2021ല്‍ പ്രമുഖ പ്രതിക്ഷ നേതാക്കള്‍ക്ക് മത്സരിക്കാൻ അവസരം നിഷേധിച്ച തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി. ദുർഭരണം നടത്തുന്നെന്നും സാമ്ബത്തിക സ്ഥിതി തകർത്തെന്നും ആരോപണം നേരിട്ടു.
ഹിജാബ് മുഖം മറയ്ക്കുംവിധം ധരിച്ചില്ലെന്നാരോപിച്ച് അറയ്റ്റുചെയ്ത മഹ്സ എന്നയുവതി പൊലീസ് കസ്റ്റഡിയില്‍ 2022ല്‍ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ പ്രക്ഷോഭം അതിക്രൂരമായാണ് റെയ്സി അടിച്ചമർത്തിയത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇറാന്റെ പരമാധികാരിയായി റെയ്സി വരുന്നത് തടയാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇവരാരെങ്കിലും അപകടത്തിനു പിന്നില്‍ പ്രവർത്തിച്ചോ?. സംശയങ്ങള്‍ ഇങ്ങനെ നീളുന്നു.































