കാൻബറ: ഓസ്ട്രേലിയയിൽ കൊള്ളലാഭമുണ്ടാക്കുന്ന വൻകിട സൂപ്പർ മാർക്കറ്റുകളെ നിലയ്ക്കു നിർത്താനും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കർഷകരോടുള്ള സമീപനം മെച്ചപ്പെടുത്താനും പുതിയ വ്യാപാര പെരുമാറ്റച്ചട്ടം കൊണ്ടുവരാനൊരുങ്ങി സർക്കാർ. നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സൂപ്പർമാർക്കറ്റ് ശൃംഖലകൾക്ക് ഭീമമായ തുക പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പെരുമാറ്റച്ചട്ടമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
വിലനിർണയത്തിൽ ഉപഭോക്താക്കളും വിതരണക്കാരും ചൂഷണത്തിരയാകുന്നുവെന്ന പരാതികൾ ശക്തമായതോടെയാണ് സർക്കാരിന്റെ നീക്കം.
അഞ്ച് ബില്യൺ ഡോളറിലധികം വാർഷിക വരുമാനമുള്ള വ്യാപാരികളാണ് പുതിയ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുന്നത്. നിലവിൽ വൾവർത്ത്സ്, കോൾസ്, ജർമ്മൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡി, മെറ്റ്കാഷ് എന്നിവയൊക്കെ പെരുമാറ്റച്ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തെ ഏതെങ്കിലും സൂപ്പർമാർക്കറ്റുകൾ വിതരണക്കാരോട് മോശമായി പെരുമാറുന്നതായി കണ്ടെത്തിയാൽ അവർക്ക് 10 മില്യൺ ഓസ്ട്രേലിയൻ ഡോളർ വരെ അല്ലെങ്കിൽ വരുമാനത്തിൻ്റെ 10 ശതമാനം വരെ പിഴ ചുമത്തും.
സൂപ്പർമാർക്കറ്റുകളും വിതരണക്കാരും പ്രത്യേകിച്ച് കർഷകരും തമ്മിലുള്ള പ്രശ്നനങ്ങൾ പരിഹരിക്കുന്നതിന് നിലവിലെ പെരുമാറ്റച്ചട്ടം ഫലപ്രദമല്ലെന്ന മുൻ മന്ത്രി ക്രെയ്ഗ് എമേഴ്‌സൻ്റെ റിപ്പോർട്ടിനെതുടർന്നാണ് പുതിയ മാറ്റങ്ങൾ. റിപ്പോർട്ടിൽ പുതിയ ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്‌തു. വിതരണക്കാരോട് അന്യായമായി വിലപേശുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വൻകിട സ്ഥാപനങ്ങളെ വരുതിയിൽ നിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം .
കർഷകർക്ക് ന്യായമായ പ്രതിഫലം വൻകിട സൂപ്പർമാർക്കറ്റ് ശൃംഖലകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ട്രഷറർ ജിം ചാൽമർസ് പറഞ്ഞു.
വിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് വൾവർത്ത്സ്, കോൾസ് ഗ്രൂപ്പ് എന്നിവയുൾപ്പെടെയു വൻകിട വ്യാപാരികളാണ് . വിതരണക്കാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികൾ ഇവർ എല്ലായ്പ്പോഴും നിഷേധിച്ചിട്ടുണ്ട്. എന്നാൽ കർഷകർ ചൂഷണത്തിനും അധികാര ധാർഷ്‌ട്യത്തോടെയുള്ള വൻകിട സൂപ്പർ മാർക്കറ്റുകളുടെ ചെരുമാറ്റത്തിനും ഇരയായിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ തെളിവുകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ഫെഡറൽ കോടതിയും അംഗീകരിക്കുകയായിരുന്നു.
സർക്കാരിന്റെ പുതിയ നീക്കങ്ങളിൽ ദേശീയ കർഷക ഫെഡറേഷൻ ആഹ്ളാദം പ്രകടിപ്പിച്ചു. മൊത്തവില കുറയിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ അധികാര ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കാൻ പലചരക്ക് വിതരണക്കാരെ ബോധവൽകരിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.































