കൊച്ചി: ചെങ്കടൽ പ്രതിസന്ധി തുടരുന്നത് കേരളത്തിലെ സമുദ്രോല്പന്ന കയറ്റുമതി മേഖലയെ തള്ളിയിടുന്നത് ആശങ്കയുടെ നടുക്കടലിലേക്ക്. അയക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 500 കണ്ടെയ്നറുകൾ. യുഎസിലേയ്ക്കു൦ യൂറോപ്പിലേക്കുമുള്ള ഷിപ്പിംഗ് നിരക്കുകളിൽ അഞ്ചിരട്ടി വരെയാണ് വർധന. ഒഴിഞ്ഞ കണ്ടെയ്നറുകളുടെ ദൗർലഭ്യവും മെയിൻ ലൈൻ ഷിപ്പിംഗ് സർവീസുകളുടെ സമയക്രമം സംബന്ധിച്ച അനിശ്ചിതത്വവും സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധിയാണ്. ക്രിസ്മസ് സീസൺ മുന്നിൽകണ്ട് യുഎസ് – യൂറോപ്യൻ വിപണികളിൽ സമുദ്രവത്പന്നങ്ങൾ യഥാസമയം എത്തിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് കയറ്റുമതിക്കാർ.
മുൻപ് യുഎസ് തുറമുഖങ്ങളിൽ ചരക്ക് എത്തിക്കുന്നതിന് കണ്ടെയ്നർ ഒന്നിന് 2800 – 3000 ഡോളർ മതിയായിരുന്നു. ഇപ്പോഴത് 15,000 ഡോളറിനു മുകളിലെത്തി. ചെങ്കടൽ പ്രതിസന്ധി താളം തെറ്റിച്ചതോടെ മെയിൻ ലൈൻ ഷിപ്പിങ് സർവീസുകൾ താറുമാറായി. കൊളംബോ പോലുള്ള ട്രാൻസ് ഷിപ്മെൻറ് തുറമുഖങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മുൻപ് ആഴ്ചയിൽ നാലോ അഞ്ചോ മെയിൻ ലൈൻ കപ്പലുകൾ എത്തിയിരുന്നെങ്കിൽ ഇപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ കപ്പൽ എന്നതാണു സ്ഥിതിയെന്ന് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡൻറ് ഹേമ ചന്ദ്ര അഭിപ്രായപ്പെടുന്നു.
പശ്ചിമേഷ്യ സംഘർഷത്തെതുടർന്ന് യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ നടത്തിയ അക്രമങ്ങളാണ് അതുവഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാക്കിയത്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലിലൂടെയാണ് തിരക്കേറിയ ഏഷ്യ – യൂറോപ്പ് സമുദ്രപാത. ആക്രമണം ഭയന്ന് ഈ പാത ഒഴിവാക്കി ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഓപ് ഗുഡ് ഹോപ്പിനെ ചുറ്റിയുള്ള ദൈർഘ്യമേറിയ പാതയിലൂടെയാണ് ഇപ്പോഴത്തെ ചരക്കുനീക്കം. ഇതോടെ യൂറോപ്പിൽ ചരക്കെത്താൻ 70 -75 ദിവസം വരെയാണ് വേണ്ടി വരുന്നത് മുൻപ് 30 ദിവസം മതിയായിരുന്നു.






























