തിരുവനന്തപുരം: ചാൻസലർ ആയ തനിക്കെതിരെ കേസ് നടത്താൻ വൈസ് ചാൻസലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട 1.1 3 കോടി രൂപ തിരിച്ചടയ്ക്കാൻ ഗവർണറുടെ ഉത്തരവ്. സുപ്രീംകോടതി വിധിയെ തുടർന്ന് സർവ്വകലാശാലകളിലെ വിസി മാരുടെ നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്ന് 1.13 കോടി രൂപ ചെലവിട്ടിരുന്നു. ആ തുക അവരിൽനിന്നോ സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.
കോടതിച്ചെലവിന് സർവ്വകലാശാല പണം ചെലവാക്കിയതിന് നീതികരണം ഇല്ലെന്നും ധന ദുർവിനിയോഗമാണെന്നും ചെലവിട്ട തുക വിസിമാർ ഉടൻ തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യാനുമാണ് ഗവർണറുടെ ഉത്തരവ്. ഇതു സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും നിർദ്ദേശം നൽകി.
വിസി മാർ ചെലവിട്ട തുക സംബന്ധിച്ച വിവരങ്ങൾ മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്. കണ്ണൂർ വിസി ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപ, കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം, സാങ്കേതിക സർവകലാശാല വി സിയായിരുന്ന ഡോ. എം എസ് രാജശ്രീ ഒന്നരലക്ഷം, കാലിക്കറ്റ് വിസി യായിരുന്ന ഡോ. എം കെ ജയരാജ് 4,75,000, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ 77,500, മലയാളം സർവ്വകലാശാല വിസിയായിരുന്ന ഡോ. വി അനിൽകുമാർ ഒരുലക്ഷം, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെ കേസിനായി ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ അസോഷ്യേറ്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കോടതി ച്ചെലവിനായി എട്ടു ലക്ഷം രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയെന്നും മറുപടിയിലുണ്ടായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരായുള്ള വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യം ചെയ്യുന്നതിന് സർവകലാശാല ഫണ്ടിൽ നിന്ന് തുക ചെലവിടുന്നത് ആദ്യമാണെന്നും, ഇത് നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസി മാരുടെ ബാധ്യതയായി മാറും.






























