ന്യൂഡൽഹി: കേരളത്തിലെ ഏറ്റവും മലിനമായ നദി കോഴിക്കോട്ടെകല്ലായിപ്പുഴയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. 2022ൽ മലിനീകരണം ഏറ്റവും രൂക്ഷമായിരുന്ന തിരുവനന്തപുരത്തെ കരമനയാർ 2023ലെ കണക്കിൽ രണ്ടാം സ്ഥാനത്താണ്.
കേരളത്തിൽ 130 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 103 ഇടങ്ങളും കുളിക്കാൻ പോലും കൊള്ളില്ല. വെള്ളത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ച് മലിനീകരണ തോത് കണക്കാക്കുന്ന ബിഒഡി( ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്) നിരക്ക് കല്ലായി പുഴയിൽ ലിറ്ററിൽ 12.8 മില്ലിഗ്രാം വരെയാണ്. അനുവദനീയപരിധി 3 മില്ലിഗ്രാം മാത്രം.
വിസർജ്യത്തിന്റെ തോത് അനുസരിച്ചുള്ള ഫീക്കൽ കോളിഫോം കൗണ്ട്(F C കൌണ്ട് )100 മില്ലി ലിറ്ററിൽ 4,10,000 – 4,80,000 വരെയാണെന്നും റിപ്പോർട്ടിന് ആധാരമായ നാഷണൽ വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാമിന്റെ(NWMP) കണക്കുകൾ വ്യക്തമാക്കുന്നു. അനുവദനീയ പരിധി 2500 മാത്രം.
കല്ലായി പുഴയിൽ 2022ൽ അനുവദനീയ പരിധിയിലായിരുന്ന ബി ഒ ഡി തോത് ഒരു വർഷം കൊണ്ട് നാല് ഇരട്ടിയിലേറെ കൂടി അതേസമയം എഫ് സി കൗണ്ട് 2022 ൽ 7,90,000 ആയിരുന്നത് 2023ല്‍ കുറഞ്ഞു. പമ്പാനദിയിൽBOD അനുവദനീയ പരിധിയിൽ ആണെങ്കിലും എഫ് സി കൗണ്ട് 43,000 ആണ്. BOD വളരെ കൂടുതലായിരുന്ന മൂവാറ്റുപുഴയാറിൽ ഇപ്പോൾ അളവ് അനുവദനീയ പരിധിയിലേക്ക് കുറഞ്ഞു.































