ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ‘മനോരാജ്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നൂറോളം സെലിബ്രേറ്റിസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ആക്കിയത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.
വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെ ജീവിതത്തിലേക്ക് മിയ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ ചിത്രം വേറൊരു തലത്തിലേക്ക് പോകുന്നു . മനുവിന്റെയും മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.































