ചൈനയിലെ ഹോട്ടലുകളിൽ മൂട്ടകളെ കണ്ടെത്താനും അവയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കാനുമായി ഒരുക്കിയ ഡിജിറ്റൽ മാപ്പ് ആപ്പ് ജനശ്രദ്ധ നേടുന്നു. എന്നാൽ, ആപ്പിൽ തെറ്റായ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന പരാതിയുമായി ഹോട്ടൽ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 21-ന് പ്രവർത്തനം ആരംഭിച്ച ആപ്പിന് ഇതിനകം രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ചൈനയിലെമ്പാടുമുള്ള അറുന്നൂറിലധികം ഹോട്ടലുകളിലാണ് ആപ്പിലൂടെ ഉപയോക്താക്കൾ മൂട്ട ശല്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഫോട്ടോയോ മറ്റ് തെളിവുകളോ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് മൂട്ടയുള്ള ഹോട്ടലുകൾ മാപ്പിൽ അടയാളപ്പെടുത്താമായിരുന്നു. എന്നാൽ, ഇത് വ്യാജ പരാതികൾക്ക് വഴിവെക്കുന്നുവെന്ന ഹോട്ടൽ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് ഒക്ടോബറിൽ ആപ്പിന്റെ പ്രവർത്തനം രണ്ടുതവണ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ഇതേതുടർന്ന്, പരാതികൾ നൽകാൻ കൃത്യമായ തെളിവുകൾ നിർബന്ധമാക്കിക്കൊണ്ട് ആപ്പിന്റെ ഫൗണ്ടറായ വാങ് പുതിയ മാറ്റങ്ങൾ വരുത്തി. ഫോട്ടോകളിലെ ചെറുജീവികൾ മൂട്ടകൾ തന്നെയാണോ എന്ന് രണ്ടുപേരുടെ സഹായത്തോടെ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഇപ്പോൾ വിവരങ്ങൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്.
എഐ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ആപ്പ്
ഒരു മാനുഫാക്ചറിംഗ് കമ്പനിയിലെ എഞ്ചിനീയറായ വാങ് ആണ് ഈ ആപ്പ് വികസിപ്പിച്ചത്. മുൻപ് പ്രോഗ്രാമിംഗ് പരിചയമില്ലാതിരുന്ന അദ്ദേഹം കോഡിംഗിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് ജൂലൈ മാസത്തിൽ ആപ്പ് നിർമ്മിച്ചുതുടങ്ങിയത്. വേനൽക്കാലത്ത് വീട് മാറുന്നതിനിടെ പ്രാണിയുടെ കടിയേറ്റതാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ഹോട്ടലുകളിലെ മൂട്ടകളെക്കുറിച്ചുള്ള വിവരങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് അവ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. വിവരങ്ങൾ എളുപ്പത്തിൽ പങ്കുവെക്കാനുള്ള ഒരു പ്ലാറ്റ്ഫോം നൽകുകയാണ് താൻ ചെയ്തതെന്ന് വാങ് പറഞ്ഞു. ഒറ്റയ്ക്ക് നിർമ്മിച്ചതായതിനാൽ ആപ്പ് പൂർണ്ണമല്ലെന്നും, വിവരങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും പൊതുജനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ പരാതികളും അപ്പീലുകളും
തങ്ങൾക്കെതിരെ നൽകിയ തെറ്റായ റിപ്പോർട്ടുകൾക്കെതിരെ ഇതുവരെ നാല് ഹോട്ടലുകൾ ആപ്പിലൂടെ അപ്പീൽ നൽകിയിട്ടുണ്ട്. ഒരു ഹോട്ടലിൽ തങ്ങിയപ്പോൾ മൂട്ടയുടെ കടിയേറ്റെന്ന് ആരോപിച്ച് ഒരു അതിഥി 3,000 യുവാൻ (ഏകദേശം 42,210 രൂപ) റീഫണ്ട് ആവശ്യപ്പെട്ട സംഭവം ഹോട്ടൽ മാനേജർ വ്യക്തമാക്കി. തുടർന്ന് മുറിയും മറ്റ് 23 മുറികളും പരിശോധിച്ചെങ്കിലും മൂട്ടകളെയോ അവയുടെ മുട്ടകളെയോ കണ്ടെത്താനായില്ല. തുടർന്ന് ഈ പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചതോടെ ആപ്പിൽ നിന്ന് ഹോട്ടലിനെതിരെയുള്ള പരാതി നീക്കം ചെയ്തു.




























