പ്രവാസിമലയാളികളുടെ അഭിമാനമായി മെയിൽ നഴ്സുമാരായ സോജൻ ജോസഫ് യുകെ പാർലമെന്റിലും, ജിൻസൺ ചാൾസ് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി പാർലമെന്റിലും ജയിച്ചു കയറിയത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനത്തിന്റെയും, സന്തോഷത്തിന്റെയും വാർത്തയായിരുന്നു. കിട്ടുന്ന വിവരങ്ങളനുസരിച്ച് മറ്റൊരു മെയിൽ നേഴ്സ് ആയ ജിബി ജോയിയും ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രചരണത്തിന്റെ ആദ്യറൗണ്ടിൽ തന്നെ മുൻനിരപാർട്ടികളോടൊപ്പം സാധ്യതാപട്ടികയിൽ നിലയുറപ്പിച്ചുകഴിഞ്ഞു. വെസ്റ്റ് ഓസ്‌ട്രേലിയൻ പാർലിമെന്റിലേക്ക് പുതുതായി രൂപീകൃതമായ ഓൿഫോർഡ് ഇലക്ടറേറ്റിൽ നിന്നുമാണ് ജിബി മത്സരിക്കുന്നത്. തദ്ദേശീയർക്ക് അത്ര പരിചയമില്ലാത്ത ഒരു ത്രികോണമത്സരത്തിന്റെ ചിത്രമാണ് ഈ മണ്ഡലത്തിൽ പതിയെ തെളിഞ്ഞുവരുന്നത്! ഒപ്പം പ്രവചനാധീതമായ ഒരു അട്ടിമറി സാധ്യതയും!.
ഒരു നഴ്സിംഗ് വിദ്യാർത്ഥിയായി ഓസ്‌ട്രേലിയയിൽ എത്തി 2007 മുതൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. കഠിനപ്രയത്നവും, നിശ്ചയദാർട്യവും കൊണ്ട് പല നഴ്സിംഗ് ഇതര മേഖലകളിലും മികവ് തെളിയിച്ചിട്ടുള്ള ജിബി ഓൿഫോർഡ് ഇലക്ടറേറ്റിൽ അനേകർക്ക് സുപരിചിതനാണ്. റിയൽ എസ്റ്റേറ്റ് ഏജന്റ് ആയി വര്ഷങ്ങളോളം പ്രവർത്തിച്ച ജിബി പല മലയാളികൾക്കും റിയൽ എസ്റ്റേറ്റിലേക്കുള്ള വഴികാട്ടിയും അവരുടെ ആവശ്യങ്ങളിൽ ഉപദേശകനുമായിരുന്നു. ഒരു ദശകത്തോളം ലേബർ പാർട്ടിയുടെ ഒരു സഹയാത്രികനായി, പല പ്രമുഖരുമായും ഒരുമിച്ച് പ്രവർത്തിച്ച് ഓസ്‌ട്രേലിയൻ രാഷ്ട്രീയം തിരിച്ചറിഞ്ഞു. ലേബറിന്റെ നിലപാടുകൾ മൂല്യമുള്ള ഒരു ഭാവിതലമുറയ്ക്കും, രാജ്യസുരക്ഷയ്ക്കും വെല്ലുവിളിയാകുമെന്നതിനാൽ ആ സഹയാത്ര അവസാനിപ്പിക്കുകയായിരുന്നു. ജിബിയുടെ അഭിപ്രായത്തിൽ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, എന്നാൽ ക്രൈസ്തവരുടെ മാത്രമല്ല സർവവിഭാഗങ്ങളുടെയും പാർട്ടിയാണ്. ജസ്റ്റിസ് ഓഫ് ദി പീസ് ആയി പ്രവർത്തിക്കുന്ന ജിബി കന്നിയങ്കത്തിൽത്തന്നെ ആർമഡിയിൽ സിറ്റി കൗൺസിലിൽ നിന്ന് കഴിഞ്ഞ വര്ഷം ജയിച്ചിരുന്നു. ഏഷ്യൻ വംശജർ നന്നേ കുറഞ്ഞ റിവർ വാർഡിൽ നിന്നും ജയിച്ചത് ചിട്ടയായ പ്രവർത്തനവും, ഒറ്റകെട്ടായി രാപകൽ നോക്കാതെ ചങ്കായി പ്രവർത്തിച്ച ഒരു കാമ്പയിൻ ടീമും, ജനശ്രദ്ധയാകര്ഷിച്ച പ്രചാരണരീതിയുമായിരുന്നു.
ആദിവാസികൾക്കും, ഭവനരഹിതർക്കും, സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും ആയി കഴിഞ്ഞ അഞ്ചു വർഷമായി സ്ട്രീറ്റ് ചാപ്ലയിൻ എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ജിബിയുടെ പ്രവർത്തനങ്ങൾ തദ്ദേശീയർക്ക് പോലും പ്രശംസകരമാണ്. ഇതിലെ പ്രവർത്തനത്താൽ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുമായും, സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായും നല്ല ബന്ധം ഉണ്ട്. ഒരു ആഘോഷാവസരത്തിൽ നമ്മൾ ജിബിയെ കാണില്ലായിരിക്കും, പക്ഷെ, ഒരു ആവശ്യനേരത്ത് വിളിക്കാതെ ഓടിയെത്തുന്ന ജിബിയുടെ നൈസർഗ്ഗികമായ പ്രകൃതമാണ് അനേകം ആത്മസുഹൃത്തുക്കളെ സമ്മാനിച്ചത്. രാത്രി പതിനൊന്നു മണി വരെ ആർക്കും വിളിക്കാം, ഏതു കാര്യത്തിനും അടുത്തുചെല്ലാം. അടുത്തനാളുകളിൽ മലയാളികളുടെ ആദ്യത്തെ ഭവനനിർമാണ കമ്പനിയായ ‘സിയോൺ ഹോം ബിൽഡേഴ്‌സ്’ എന്ന കമ്പനിയിലൂടെ കെട്ടിടനിര്മാണരംഗത്തും ഈ വര്ഷം മുതൽ ജിബി സജീവ സാന്നിധ്യമായി. മലയാളികളുടേതായി മാത്രം ഏഴോളം വീടുകൾ ഇപ്പോൾ നിര്മാണത്തിലാണ്. ഭാര്യ കവിതയും അഞ്ചു കുട്ടികളുമായി മൌന്റ്റ് നാസൂറയിൽ ആണ് ജിബി താമസിക്കുന്നത്.
ഒരു ഉത്തമ ക്രിസ്ത്യൻ വിശ്വാസി ആയിരിക്കതന്നെ, ഒരിക്കലും യാതൊരു വിവേചനവും ഇല്ലാതെ, സഹോദരതുല്യം ഇതരമതസ്ഥരുമായി ജിബിയും കുടുംബവും പുലർത്തുന്ന ഒരു ആത്മ അടുപ്പം ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്കായി ഇതരമതസ്ഥരും പ്രവർത്തിക്കുന്ന രംഗമാണ് ഓൿഫോഡിൽ കാണുന്നത്. ജിബിയുടെ ക്യാമ്പയിന്റെ മുന്നിൽനിന്ന് നയിക്കുന്നവരിൽ ഹിന്ദു-സിഖ് -മുസ്ലിം അംഗങ്ങളുണ്ടെന്നുള്ളത് ജനം ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സന്ദേശമാണെന്ന് വേണം കരുതാൻ.
1200 മലയാളികൾക്ക് വോട്ടുള്ള ഓൿഫോഡിൽ ‘അണ്ണാന്കുഞ്ഞും തന്നാലെന്നപോലെ’ ഓരോ മലയാളിയും പ്രവർത്തിച്ചാൽ ഓൿഫോർഡ് ഇത്തവണ മലയാളികളുടെ അഭിമാനവാക്കാകും. മലയാളികൾ തിങ്ങിപ്പാർക്കുന്ന, നിർണായക സ്വാധീനമുള്ള Piarrawaters, Harrisdale, Aubin Grove , Haynes ,Hilbert ,Forrestdale Brookadale ,Wandi പ്രദേശങ്ങൾ ഓൿഫോർഡ് മണ്ഡലത്തിലാണ്. കൂടാതെ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മൂന്നു മണ്ഡലങ്ങളിൽ ഒന്നാണ് ഓൿഫോർഡ്. നമ്മുടെ ഭാവിതലമുറക്കായി, അവരുടെ സുരക്ഷയ്ക്കായി ഒത്തൊരുമയുടെ ഒരു വിജയം നമുക്ക് ഇന്ന് കൈയ്യെത്തും ദൂരത്താണ് എന്നാണ് ജിബിയുടെയും കാമ്പയിൻ ടീമിന്റെയും അഭിപ്രായം. ഇതിനോടകം അനേകം പേര് വോളന്റീയർ ആയി മുന്നോട്ടുവന്നിട്ടുണ്ട്.
ആരെങ്കിലും ഏതെങ്കിലും രീതിയിൽ ഈ ക്യാമ്പയിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധപ്പെടുവാൻ ലെൻ വാൻ ബർഗിൽ 0466270185 പ്രഭാത് പി നായർ 0431194649 ജോജി ജോയി 0435300315 ജിബി ജോയി 0432165637






























