ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന സംഭവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി. ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ കഴിഞ്ഞ അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തെരച്ചിലിനിടെ അയാസിന് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കിയത്. ജെസിബി കൊണ്ട് വശത്തെ സിമന്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പതുക്കെ പുറത്തെടുക്കുകയായിരുന്നു. അയാസിനെ ഉടൻ തന്നെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.





























