സിഡ്നി: ശമ്പള വർധന ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസിൽ അരലക്ഷത്തോളം നഴ്സുമാരും മിഡ്വൈഫുമാരും 24 മണിക്കൂർ പണിമുടക്കി സമരം നടത്തി. 15 ശതമാനം ശമ്പള വർധനയാണ് എൻ.എസ്.ഡബ്ല്യൂ നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് അസോസിയേഷൻ്റെ ആവശ്യം. സമരം മൂലം ആരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. എഴുന്നൂറോളം ശസ്ത്രക്രിയകൾ മുടങ്ങുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്കുകൾ.
വേതന വർധന ആവശ്യപ്പെട്ട് കുഴിഞ്ഞ ദിവസം ആയിരക്കണക്കിന് നഴ്സുമാരാണ് സിഡ്‌നിയിലെ സിബിഡിയിലൂടെ മാർച്ച് നടത്തിയത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിഷനുമായി നടത്തിയ നാലാഴ്ചത്തെ ചർച്ചകളിലും ഒരു കരാറിലെത്താൻ കഴിയാതെ വന്നതോടെയാണ് ന്സുമാർ തെരുവിലിറങ്ങിയത്. പൊതുജനാരോഗ്യ സംവിധാനത്തെ സ്‌തംഭിപ്പിച്ചുള്ള സമരത്തെതുടർന്ന് സർക്കാർ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അധ്യാപകർ, പാരാമെഡിക്കൽ ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളം വർധിപ്പിച്ചത് പോലെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും ശമ്പളം വർധിപ്പിക്കണമെന്നാണ് ആവശ്യം. പൊലീസ് സേനയ്ക്ക് 39 ശതമാനം ശമ്പള വർധനയാണ് സർക്കാർ ഈയിടെ നടപ്പാക്കിയത്. അതേസമയം, 15 ശതമാനം ശമ്പള വർധനയ്ക്കുള്ള നഴ്സസിങ് യൂണിയൻ്റെ ആവശ്യം സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് നഴ്സുമാർ സംസ്ഥാന പാർലമെന്റ്റിലേക്ക് മാർച്ച് നടത്തിയത്.
ഉയർന്ന ജീവിതച്ചെലവും മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന വേതനവും ചൂണ്ടിക്കാട്ടിയാണ് നഴ്‌സ് ആൻഡ് മിഡ്വൈവ്സ് യൂണിയൻ അടിയന്തരമായി 15% വേതന വർധന ആവശ്യപ്പെടുന്നത്.സെപ്റ്റംബറിൽ സമാനമായ 12 മണിക്കൂർ സമരത്തിൽ 520 ശസ്ത്രക്രിയയിൽ മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. എന്നാൽ ഇത്തരമൊരു ശമ്പള വർധന കോടിക്കണക്കിന് രൂപയുടെ അധിക ചെലവുണ്ടാക്കുമെന്നാണ് സർക്കാർ വാദം.