തിരുവനന്തപുരം: മാല മോഷ്ടിക്കുന്നതിനിടെ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10 ന് കേസിൽ വിധി പറയും. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകലാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയായ രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ക്രൂരകൃത്യം.
ഷെയർ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കുടുക്കിയത്.































