കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ കണ്ണൂർ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ് റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലു പേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്. കണ്ണൂരുകാരായ ഷംനാദ്, ജെംഷീൽ എന്നിവർക്കൊപ്പം റഫീന, ജെസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശി റഫീനയാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം.































