അംറോഹ: മൂന്ന് കുട്ടികളുടെ അമ്മയായ 30കാരി മതം മാറിയ ശേഷം പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഉത്തർ പ്രദേശിലാണ് 30കാരി ഹിന്ദുവിശ്വാസത്തിലേക്ക് മതം മാറിയത്. അംറോഹയിൽ ബുധനാഴ്ചയായിരുന്നു ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശിവാനി എന്ന പേരാണ് ശബ്നം എന്ന 30 കാരി മതം മാറിയതിന് പിന്നാലെ സ്വീകരിച്ചത്. മുൻപ് രണ്ട് തവണ വിവാഹിതയായ ഇവർ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ ദീപ് കുമാർ പന്ത് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ശിവാനി അയല്‍വാസിയായ വിദ്യാര്‍ഥിയുമായി ബന്ധത്തിലായതോടെ രണ്ടാം വിവാഹത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹ മോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മതംമാറ്റ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോയുള്ള മതപരിവര്‍ത്തനത്തിന് വിലക്കുള്ള സംസ്ഥാനത്ത് സംഭവത്തേക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. സംഭവത്തിൽ ഔദ്യോഗിക പരാതി ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.































