സിഡ്നി: ന്യൂ സൗത്ത് വെയിൽസിൻ്റെ കിഴക്കൻ മേഖലയിൽ മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. വെള്ളിയാഴ്ച രാവിലെ കോഫ്‌സ് ഹാർബറിനടുത്ത് കാറിൽ നിന്ന് 70 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നത്. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്തിന്റെ മിഡ് നോർത്ത് കോസ്റ്റ്, ഹണ്ടർ, നോർത്ത് കോസ്റ്റ് മേഖലകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. 50,000ത്തിലധികം ആളുകൾ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയി. 9,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മെയിൻ, ഫാസ്റ്റിങ്‌സ്, മക്ലേ തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുകയാണ്. 15 താൽക്കാലിക അഭയകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് 100ത്തിലധികം സ്‌കൂളുകൾ അടച്ചിട്ടു. ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.
വെള്ളപ്പൊക്ക സാധ്യത ഇന്നും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ 300മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഹോക്ക്‌സ്‌ബറി നദി, മിനാംഗിൾ ബ്രിഡ്‌ജ് എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള വെള്ളപ്പൊക്ക സാധ്യതയുണ്ട്.
രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇരകളായവരെ രക്ഷിക്കാൻ എല്ലാവിധ പ്രവർത്തനങ്ങളും നടത്തിവരികയാണെന്നും എൻഎസ് ഡബ്ല്യൂ പ്രീമിയർ പറഞ്ഞു.































