തിരുവനന്തപുരം: പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരിൽ സർക്കാരിൻ്റെ ഭരണമികവ് നേട്ടമാകുമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത്. വിവി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണ്. മൂന്നാം എൽഡിഎഫ് സർക്കാർ കാഹളം നിലമ്പൂരിൽ നിന്ന് ഉയരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലവിൽ സിപിഎം സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചിട്ടില്ല.































