ഓസ്ട്രേലിയയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ Viva Energy, ഗീലോംഗിൽ രാജ്യത്തെ ആദ്യത്തെ പബ്ലിക് ആക്സസുള്ള ഹൈഡ്രജൻ റീഫ്യൂവലിംഗ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
ന്യൂ എനർജിസ് സർവീസ് സ്റ്റേഷൻ എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ ഹൈഡ്രജൻ ഇന്ധനം ഹരിത വൈദ്യുതിയിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്. 2.5 മെഗാവാട്ട് ശേഷിയുള്ള നോർവീജിയൻ നിർമ്മിതമായ Nel PEM ഇലക്ട്രോലൈസർ ഉപയോഗിച്ചാണ് വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിക്കുന്നത്. Barwon Water-ൽ നിന്നുള്ള പുനരുപയോഗജലമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ദിവസത്തിൽ ഏകദേശം 1000 കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്ന ഈ സ്റ്റേഷനിൽ, അതിവേഗത്തിൽ 300 കിലോഗ്രാം വരെ ഹൈഡ്രജൻ രണ്ട് മണിക്കൂറിനുള്ളിൽ വിതരണം ചെയ്യാനാകും. സ്റ്റേഷനിൽ ഹൈഡ്രജൻ റീഫ്യൂവലിംഗിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈപ്പർഫാസ്റ്റ് ചാർജിംഗ് സൗകര്യവും, പുനർനിർമ്മാണ ഡീസലും ലഭ്യമാക്കുന്ന പ്രത്യേകതയുണ്ട്. Barwon Water, Toll Group, CDC Victoria, Cleanaway തുടങ്ങി നാല് പ്രധാന കമ്പനികൾ Viva Energy-യുമായി സഹകരിച്ച് ഹൈഡ്രജൻ ഫ്യൂവൽ ഉപയോഗം ആരംഭിച്ചു.
ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസിയായ ARENAയുടെ Advancing Renewables Program-ലേയ്ക്ക് A$34 മില്യൺ ഗ്രാന്റും, വിക്ടോറിയൻ സർക്കാരിൻ്റെ Renewable Hydrogen Fund-ൽ നിന്നുള്ള A$1 മില്യണിൻ്റെ സഹായവുമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. Viva Energyയുടെ ചീഫ് ടെക്‌നോളജി ഓഫീസർ Lachlan Pfeiffer ഹരിത ഹൈഡ്രജൻ, ഇലക്ട്രിക് ചാർജിംഗ്, പുനരുപയോഗ ഇന്ധനം എന്നീ സേവനങ്ങൾ ഒന്നിച്ചെത്തുന്ന ഇത് പോലെ വിപുലമായ പ്രോജക്റ്റുകൾ പരിസ്ഥിതി നയം ശക്തിപ്പെടുത്തുകയും, കൊമേർഷ്യൽ ട്രാൻസ്‌പോർട്ട് രംഗത്ത് കാർബൺ വിമുക്തത നേടാൻ സഹായിക്കുമെന്നും വ്യക്തമാക്കി.
വിക്ടോറിയൻ ഊർജ്ജ വകുപ്പ് മന്ത്രി Lily D’Ambrosio ഈ പദ്ധതിയെ സംസ്ഥാനത്തിന്റെ 2045 നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായകമായ ഒരു മുന്നേറ്റമായി വിലയിരുത്തി. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗതം ലക്ഷ്യമിട്ടുള്ള Viva Energyയുടെ ഈ പദ്ധതിക്ക് രാജ്യത്തുടനീളം വലിയ പിന്തുണയാണ് ലഭിക്കുന്നത്.































